ipl

ന്യൂഡൽഹി: ഇന്ത്യയിലെ കൊവിഡ് വ്യാപനം കാരണം ഇടക്കുവച്ച് നിർത്തിയ ഐ പി എൽ ക്രിക്കറ്റ് ഇന്ത്യക്കു പുറത്ത് യു എ ഇയിൽ നടത്താനുള്ള പരിപാടിയിൽ ആണ് ഇന്ത്യ. നിലവിലെ പദ്ധതി അനുസരിച്ച് ഒക്ടോബർ 15ന് ഐ പി എൽ ഫൈനൽ നടത്താനാണ് സൗരവ് ഗാംഗുലി നേതൃത്വം നൽകുന്ന ബി സി സി ഐയുടെ പദ്ധതി. എന്നാൽ ഇതിനെ ഐ സി സി എതിർത്തേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ഇക്കൊലത്തെ ടി 20 ലോകകപ്പ് ഒക്ടോബർ 18ന് തുടങ്ങാനാണ് ഐ സി സി അനൗദ്യോഗികമായി തീരുമാനിച്ചിരിക്കുന്നത്. അതിനാൽ തന്നെ അതിനോട് അടുത്ത് മറ്റൊരു ടൂർണമെൻ്റ് നടത്തുന്നതിൽ ഐ സി സിക്ക് എതിർപ്പ് ഉണ്ട്.

ടി 20 ലോകകപ്പ് നിശ്ചയിച്ച തീയതിക്കു തന്നെ നടത്താനാണ് ഐ സി സി തീരുമാനം എങ്കിൽ മറ്റു രാജ്യങ്ങൾ തങ്ങളുടെ കളിക്കാരെ ഒക്ടോബർ 15 വരെ ഐ പി എല്ലിൽ തുടരാൻ ഒരു കാരണവശാലും അനുവദിക്കില്ല. മാത്രമല്ല ഐ സി സി ടൂർണമെൻ്റുകൾ തുടങ്ങുന്നതിന് പത്ത് ദിവസം മുമ്പ് വരെ വേറൊരു ക്രിക്കറ്റ് മത്സരവും നടത്താൻ പാടില്ലെന്ന് ഐ സി സി തന്നെ നിയമം പുറപ്പെടുവിച്ചിട്ടുണ്ട്.

ടി 20 ലോകകപ്പ് കുറച്ചു കൂടി നീട്ടി വയ്ക്കുവാൻ ബി സി സി ഐ ശ്രമിക്കുന്നുണ്ടെങ്കിലും ഐ സി സി അതിനു വഴങ്ങാൻ സാദ്ധ്യത തീരെ കുറവാണ്.