rbi

മുംബയ്: എടിഎമ്മുകൾ വഴി പണമിടപാടുകൾ നടത്തുന്നതിന് ബാങ്കുകൾ ചുമത്തുന്ന ചാർജ് വർദ്ധിപ്പിക്കാൻ അനുവദിച്ച് റിസ‌ർവ് ബാങ്ക്. എടിഎം വഴിയുള‌ള പണമിടപാടുകൾക്കും അല്ലാതെയുള‌ള സേവനങ്ങൾക്കും ബാങ്കുകൾ ഏർപ്പെടുത്തിയ ചാർജുകൾക്ക് ഇനിമുതൽ വലിയ വ്യത്യാസമാകും ഉണ്ടാകുക.

വ്യാഴാഴ്‌ച പുറത്തിറക്കിയ സർക്കുലറിലാണ് റിസർവ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കുന്നത്. ഓഗസ്‌റ്റ് ഒന്നുമുതലാകും ബാങ്കുകൾ ചാർജ് വർദ്ധന നടപ്പാക്കുക. ഇതിനുമുൻപ് ഇത്തരത്തിൽ ചാർജ് വ‌ർദ്ധന നടപ്പാക്കിയത് 2012 ഓഗസ്‌റ്റിലാണ്. ഉപഭോക്താക്കൾ അടയ്‌ക്കേണ്ട ചാർജ് പുതുക്കിയത് 2014 ഓഗസ്‌റ്റിലും. ഇതിന്ശേഷം കഴിഞ്ഞ ഏഴ് വ‌ർഷമായി ചാർജ് ഉയ‌ർത്തിയിട്ടില്ല. ഒരു ഇടപാടിന് ഈടാക്കുന്ന നിരക്ക് 15ൽ നിന്ന് 17 രൂപയായി ഉയരും. ഇന്റർചേഞ്ച് ഫീസ് എന്നാണിതിന് പറയുന്ന പേര്. ഒരു ഇടപാടിന് ബാങ്ക് എ‌ടി‌എം സേവന ദാതാക്കൾക്ക് നൽകുന്ന ഫീസാണിത്.

പണഇടപാടുകളല്ലാത്തവയ്‌ക്ക് അഞ്ചിൽ നിന്ന് ആറ് രൂപയായി നിരക്ക് പുതുക്കി. നിലവിൽ ഒരു ബാങ്ക് ഇടപാടുകാരന് സ്വന്തം ബാങ്കിന്റെ എടി‌എമ്മിൽ നിന്ന് അഞ്ച് സാമ്പത്തിക-സാമ്പത്തികേതര ഇടപാടുകളാണ് സൗജന്യമായി നടത്താൻ സാധിക്കുന്നത്. ഇതിന് ശേഷമുള‌ളവയ്‌ക്ക് നിശ്ചിത ഫീസ് ബാങ്കുകൾ ഈടാക്കുന്നുണ്ട്. ഈ നിരക്കുകൾ ഇനി ഉയരുമെന്ന് ഉറപ്പായി. മെട്രോ നഗരങ്ങളിൽ മറ്റ് ബാങ്കുകളുടെ എടിഎമ്മിൽ മൂന്ന് ഇടപാടുകൾ സൗജന്യമാണ് നോൺ മെട്രോ നഗരങ്ങളിൽ ഇതിന്റെ എണ്ണം അഞ്ചാണ്. സൗജന്യ ഇടപാടുകളല്ലാത്ത ഓരോ ഇടപാടിനും ഇടപാടുകാരനിൽ നിന്ന് ഈടാക്കുന്നത് 20 രൂപയാണെന്നും റിസർവ് ബാങ്ക് അറിയിച്ചു. ഇനിമുതൽ ഇത് 21 രൂപയാകും. 2022 ജനുവരി ഒന്നുമുതലാണ് ഈ വർദ്ധന നിലവിൽ വരിക. ഇതിന് പുറമേ നികുതിയും ഉപഭോക്താക്കൾ ചില ബാങ്കുകൾക്ക് നൽകേണ്ടി വന്നേക്കും.