min

തിരുവനന്തപുരം: മരംമുറി കേസിലെ പ്രതികൾ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനോടൊപ്പം നിൽക്കുന്ന ഫോട്ടോ നവമാദ്ധ്യമങ്ങളിൽ പ്രചരിച്ചത് സർക്കാരിനെ വലിയ തോതിൽ പ്രതിരോധത്തിലാക്കിയിരുന്നു. എന്നാൽ ഇത് പുതിയ ചിത്രം അല്ലായെന്നും 2020ൽ കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് പ്രതികൾ തന്നെ കാണുന്നതിനു വേണ്ടി വന്നപ്പോൾ എടുത്ത ഫോട്ടോ ആണ് ഇപ്പോൾ പ്രചരിക്കുന്നതെന്നും മന്ത്രി ഒരു സ്വകാര്യ ചാനലിനോട് വിശദീകരിച്ചു.

മുൻ സർക്കാരിന്റെ കാലത്ത് മാംഗോ ഫോണിന്റെ ചില കാര്യങ്ങൾക്കായി പ്രതികൾ തന്നെ സമീപിച്ചിരുന്നുവെന്നും എന്നാൽ ഇതിന്റെ ചുമതല തനിക്കല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ വിതരണം ചെയ്യാനുളള താല്പര്യം അറിയിച്ചാണ് അതിന്റെ ഉടമകള്‍ സമീപിച്ചത്. അവരില്‍ നിന്ന് നിവേദനം സ്വീകരിക്കുന്ന സമയത്തെ ചിത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും തനിക്ക് അവരുമായി മറ്റ് ബന്ധമില്ലെന്നും മന്ത്രി പറഞ്ഞു.

കേസിൽ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഒരു അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും ആ അന്വേഷണത്തിന്റെ നിഗമനങ്ങള്‍ തൃപ്തികരമല്ലെങ്കില്‍ മറ്റൊരു അന്വേഷണത്തെ കുറിച്ച് ആലോചിക്കുമെന്നും മന്ത്രി അറിയിച്ചു.