bridge

തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിലെ കുലശേഖരത്തെയും കാട്ടാക്കട മണ്ഡലത്തിലെ പേയാടിനെയും ബന്ധിപ്പിക്കുന്ന കുലശേഖരം പാലം നവംബറിൽ യാഥാർത്ഥ്യമാകും. പാലത്തിന് 2013ൽ ഭരണാനുമതി ലഭിച്ചെങ്കിലും സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളും ഫണ്ട് അനുവദിക്കുന്നതിലെ കാലതാമസവും കാരണം നിർമ്മാണം ഏഴ് വർഷത്തോളം വൈകുകയായിരുന്നു. പ്രതിസന്ധികളെല്ലാം മറികടന്ന് പാലത്തിന്റെ നിർമ്മാണം 2019ൽ ആരംഭിച്ചു. ഈ വർഷം ജനുവരിയിൽ പാലം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി കാരണം പിന്നെയും വൈകി.

യാത്രാ ദുരിതത്തിന് പരിഹാരമാകും

പാലത്തിന്റെ പണി പൂർത്തിയാകുന്നതോടെ പേയാട് ഭാഗത്തേക്കുള്ള യാത്രാ ദുരിതത്തിന് പരിഹാരമാകും. കരമനയാറിന് കുറകെ, കുലശേഖരം ശിവക്ഷേത്രത്തിന് സമീപത്തെ കോവിൽ കടവിൽ നിന്ന് കുണ്ടമൺ കടവ്‌ - പേയാട് റോഡിലെ പള്ളിമുക്ക് ജംഗ്ഷനിലേക്കാണ് പാലം നിർമ്മിക്കുന്നത്. 120 മീറ്റർ നീളവും 10.5 മീറ്റർ വീതിയുമാണ് പാലത്തിനുള്ളത്. നാല് കോൺക്രീറ്റ് തൂണുകളിലാണ് പാലം നിർമ്മിക്കുക. കൂടാതെ പാലത്തിന്റെ രണ്ടറ്റത്തുമായി 42 മീറ്റർ നീളത്തിൽ ബോക്സ് കൽവർട്ടുമുണ്ടാകും. ഗതാഗതത്തിന് 7.5 മീറ്ററും ഇരുവശത്തും നടപ്പാതയ്ക്കായി 1.5 മീറ്ററുമാണ് വീതി. പാലത്തിന്റെ ഇരുകരകളിലുമായി 550 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡും നിർമ്മിക്കും. 60 സെന്റ് ഭൂമിയാണ് പാലത്തിനായി ഏറ്റെടുത്തിട്ടുള്ളത്. പാലത്തിന്റെ അഞ്ച് തൂണുകളുടെ നിർമ്മാണം ഇതിനകം പൂർത്തിയായിട്ടുണ്ട്. പാലം പൂർണമായി പൂർത്തിയാകുന്നതോടെ വട്ടിയൂർക്കാവ് - പേരൂർക്കട പ്രദേശങ്ങളിൽ നിന്ന് പേയാട് - കാട്ടാക്കട ഭാഗത്തേക്കുള്ള യാത്രാദൂരം 10 കിലോമീറ്റർ കുറയും. തിരുമല, കുണ്ടമൺകടവ് ഭാഗത്തെ ഗതാഗതക്കുരുക്കിനും ശമനമുണ്ടാകും.
സ്ഥലമേറ്റെടുക്കലിനും പാലത്തിനുമായി സ്ഥലമേറ്റെടുപ്പിനും കൂടി 12.50 കോടി രൂപയാണ് ആകെ ചെലവ്. പൊതുമരാമത്ത് വകുപ്പിലെ ബ്രിഡ്‌ജസ് വിഭാഗത്തിനാണ് നിർമ്മാണച്ചുമതല. വട്ടിയൂർക്കാവ്, കുലശേഖരം, വെള്ളൈക്കടവ്, പുളിയറക്കോണം എന്നിവിടങ്ങളിലുള്ളവരുടെ ഏറെനാളത്തെ ആവശ്യമായിരുന്നു ഈ പാലം. ഇപ്പോൾ ഈ പ്രദേശങ്ങളിലുള്ളവർ വട്ടിയൂർക്കാവ്,​ ഇലിപ്പോട്, വട്ടിയൂർക്കാവ്,​ നമ്പവൻകാവ് തുടങ്ങിയ റോഡുകൾ വഴി കുണ്ടമൻകടവ് പാലം കടന്നാണ് പേയാട്, മലയിൻകീഴ്, കാട്ടാക്കട ഭാഗത്തേക്കു പോകുന്നത്. പാലം വരുന്നതോടെ പേയാട്, മലയിൻകീഴ്, കാട്ടാക്കട ഭാഗത്തുള്ളവർക്കും വളരെ വേഗത്തിൽ വട്ടിയൂർക്കാവിലെത്താൻ കഴിയും.

ഓരോ മാസവും വിലയിരുത്തും

പാലം നിർമ്മാണത്തിന്റെ ഇനിയുള്ള ഘട്ടങ്ങൾ ഓരോ മാസവും ടാർഗറ്റ് നൽകിയാകും പൂർത്തിയാക്കുക. ഓരോ മാസവും എത്രത്തോളം നിർമ്മാണം പൂർത്തിയായെന്നത് സംബന്ധിച്ച് വട്ടിയൂർക്കാവ്, കാട്ടാക്കട എം.എൽ.എമാരുടെ നേതൃത്വത്തിൽ അതതു മാസങ്ങളിൽ യോഗം ചേർന്ന് വിലയിരുത്തും.