ggg

നായ്പിഡോ: മ്യാൻമറിൽ സൈനിക വിമാനം തകർന്ന് ബുദ്ധ സന്യാസിയുൾപ്പെടെ 12 പേർ മരിച്ചു. മാണ്ഡലെ പ്രവശ്യയിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ആറ് സൈനികരും രണ്ട് ബുദ്ധ സന്യാസിമാരുമുൾപ്പെടെ 14 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ തീർത്ഥാടകരായ രണ്ട് പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. രാജ്യ തലസ്ഥാനമായ നയ്പിഡോയിൽ നിന്നു പ്യിൻ ഓ ല്വിൻ നഗരത്തിലേക്ക് പോവുകയായിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്.

ലാൻഡിംഗിനിടെ മോശം കാലാവസ്ഥയെ തുടർന്നാണ് വിമാനം തകർന്നതെന്നാണ് സൂചന. മോശം കാലാവസ്ഥയെത്തുർന്ന് വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടുവെന്ന് മ്യാൻമർ മിലിട്ടറി വക്താവ് സാവ് മിൻ തുൻ പ്രതികരിച്ചു.

പ്യിൻ ഓ ല്വിനിൽ പുതുതായി നിർമിക്കുന്ന ബുദ്ധമതകേന്ദ്രത്തിൻറെ തറക്കല്ലിടൽ ചടങ്ങിനായി പോയവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽ പൈലറ്റ് രക്ഷപ്പെട്ടതായും ഇയാൾ സൈനിക ആശുപത്രിയിൽ ചികിത്സയിലാണെന്നുമാണ് റിപ്പോർട്ട്.