mukul-roy

കൊൽക്കത്ത: ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ മുകുൾ റോയ് തൃണമൂൽ കോൺഗ്രസിൽ (ടി.എം.സി) തിരിച്ചെത്തി. അദ്ദേഹത്തിനൊപ്പം മകൻ ശുഭ്രാംഷു ​റോയിയും ടി.എം.സിയിൽ ചേർന്നിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം ബം​ഗാൾ ബി.ജെ.പിയിൽ ഉണ്ടായ കടുത്ത ഭിന്നതയെത്തുടർന്നാണ് പാർട്ടി മാറ്റം. 2017ൽ ടി.എം.സി വിട്ട റോയി ബം​ഗാളിൽ ബി.ജെ.പിയെ വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവാണ്.

ബി.ജെ.പിയെ പരാജയപ്പെടുത്തി​ മമത ബാനർജി സർക്കാർ ബംഗാളിൽ വീണ്ടും അധികാരത്തിൽ എത്തിയത്​ മുതൽ റോയിയുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ടി.എം.സി​ നേതാവ്​ അഭിഷേക്​ ബാനർജി സന്ദർശിച്ചത് ചർച്ചകൾക്ക്​ ആക്കം കൂടി. ദേശീയ തലത്തില്‍ ബി.ജെ.പിക്കെതിരായ രാഷ്ട്രീയ നീക്കങ്ങൾക്ക് മമതാ ബാനര്‍ജി ഒരുങ്ങുകയാണ്. അതിന് ചുക്കാന്‍ പിടിക്കാന്‍ റോയിയും ഉണ്ടാകുമെന്നാണ് സൂചനകള്‍.

ഒരു കാലത്ത് മമതയുടെ വലംകൈ ആയിരുന്ന മുകുള്‍ റോയി ടി.എം.സി വിട്ട് ആദ്യം ബി.ജെ.പിയിൽ ചേക്കേറിയ നേതാക്കൻമാരിൽ ഒരാളാണ്. നിരവധി ടി.എം.സി എം.എല്‍.എമാരെയും നേതാക്കളെയും അടര്‍ത്തിയെടുത്ത് ബി.ജെ.പിയിൽ എത്തിക്കാൻ ചുക്കാന്‍ പിടിച്ചവരിൽ പ്രമുഖനാണ് റോയി. ഇവരില്‍ പലനേതാക്കൻമാരും ഇപ്പോള്‍ മമതയ്‌ക്കൊപ്പം മടങ്ങാനുള്ള ശ്രമത്തിലാണെന്നാണു റിപ്പോര്‍ട്ട്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ദിലീപ് ഘോഷ്, പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി എന്നിവരുമായുളള അസ്വാരസ്യങ്ങൾ പാർട്ടിവിടുന്നതിന് റോയിയെ പ്രേരിപ്പിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.