തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റായി കെ. സുധാകരനെ നിയമിച്ചതിനൊപ്പം കൊടിക്കുന്നിൽ സുരേഷിനെയും പി.ടി. തോമസിനെയും ടി. സിദ്ദിഖിനെയും വർക്കിംഗ് പ്രസിഡന്റുമാരായും പ്രഖ്യാപിച്ചത് സംസ്ഥാനത്തെ നേതാക്കളെ പൂർണമായും ഇരുട്ടിൽ നിറുത്തിയാണ്. ഹൈക്കമാൻഡിന്റെ നേരിട്ടുള്ള ഇടപെടലിൽ സംസ്ഥാന നേതാക്കൾ തികഞ്ഞ അതൃപ്തിയിലാണ്.
നിയുക്ത പ്രസിഡന്റ് സുധാകരനും വിവരമറിഞ്ഞില്ലെന്നാണ് സൂചനകൾ. അടുപ്പമുള്ളവരോട് അദ്ദേഹം ഇക്കാര്യം പങ്കുവച്ചതായറിയുന്നു. സുധാകരനെ സ്വാഗതം ചെയ്തെങ്കിലും വർക്കിംഗ് പ്രസിഡന്റുമാരുടെ വിഷയത്തിൽ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും കടുത്ത നീരസത്തിലാണ്. പൂർണമായും ഇരുട്ടിൽ നിറുത്തി തീരുമാനമെടുത്തതിലാണ് നീരസം. മുല്ലപ്പള്ളിയും തീരുമാനമറിഞ്ഞിരുന്നില്ല.
എ ഗ്രൂപ്പിന്റെ ഭാഗമായി കണക്കാക്കപ്പെട്ടു വന്ന ടി. സിദ്ദിഖും പി.ടി. തോമസും ഗ്രൂപ്പിനതീതരായാണ് ഇപ്പോൾ വിലയിരുത്തപ്പെടുന്നത്. വയനാട് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കായി സ്ഥാനാർത്ഥിത്വം മാറിക്കൊടുത്ത സിദ്ദിഖിന്, ഹൈക്കമാൻഡിന്റെ പ്രത്യേക താത്പര്യത്തോടെയാണ് കല്പറ്റയിൽ ഇക്കുറി സീറ്റ് ലഭിച്ചത്. പ്രതിപക്ഷനേതാവ് തിരഞ്ഞെടുപ്പിൽ അദ്ദേഹം എ ഗ്രൂപ്പ് നിർദ്ദേശം മറികടന്ന് സതീശനെ പിന്തുണച്ചവരുടെ കൂട്ടത്തിലായിരുന്നു.
കെ.സി. വേണുഗോപാലിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണിപ്പോൾ തീരുമാനമുണ്ടായിരിക്കുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് കേരളത്തിലെ നേതാക്കളെക്കൂടി വിശ്വാസത്തിലെടുത്താണെന്ന് വരുത്താൻ സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറി താരിഖ് അൻവർ നേതാക്കളുമായി ടെലഫോണിൽ ആശയവിനിമയം നടത്തിയപ്പോഴും വർക്കിംഗ് പ്രസിഡന്റ് നിയമനത്തെപ്പറ്റി സൂചനകളൊന്നും നൽകിയില്ല.
ഇന്നലെ വൈകിട്ട് ഇന്ദിരാഭവനിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സ്ഥാനമൊഴിയുന്ന പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ കണ്ടു. വി.ഡി. സതീശൻ, പി.ടി. തോമസ് എന്നിവരും വെവ്വേറെ സമയങ്ങളിൽ മുല്ലപ്പള്ളിയെ കാണാനെത്തി.
അതിനിടെ, വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്കോ രാഷ്ട്രീയകാര്യസമിതിയിലേക്കോ പരിഗണിക്കാത്തതിൽ കോഴിക്കോട് എം.പി എം.കെ. രാഘവനും നീരസത്തിലാണ്.