covid

ന്യൂഡൽഹി: കൊവിഡ് മൂന്നാം തരംഗം ഉടനുണ്ടാകുമെന്ന മുന്നറിയിപ്പുകളെ തുടർന്ന് അതിനെ നേരിടാനുള്ള തയ്യാറെടുപ്പുകൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം വേഗം കൂട്ടി. ഇതിന്റെ ഭാഗമായി കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകി അവ‌രെ രാജ്യത്തുടനീളം വ്യാപിപ്പിക്കുവാനാണ് സർക്കാർ തീരുമാനം. ഏകദേശം ഒരു ലക്ഷത്തോളം ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള കേന്ദ്ര നൈപുണ്യ വികസ സംരംഭക മന്ത്രാലയം പ്രത്യേക പരിശീലന പരിപാടി ആരംഭിക്കും.

ഇതിനായി 28 സംസ്ഥാനങ്ങളിലെ 194 ജില്ലകളിൽ പരിശീലന കേന്ദ്രങ്ങൾ തുടങ്ങും. ആകെ മൊത്തം 300 നൈപുണ്യ കേന്ദ്രങ്ങൾ തുടങ്ങനാണ് കേന്ദ്ര പദ്ധതി. നിലവിലുള്ള ആരോഗ്യപ്രവർത്തകർക്ക് കൂടുതൽ പരിശീലനം നൽകാനും സർക്കാരിനു പദ്ധതിയുണ്ട്.

മൂന്ന് മാസത്തെ തൊഴിൽ പരിശീലനത്തോടുകൂടിയ ഹ്രസ്വകാല കോഴ്സാണ് മന്ത്രാലയം നൽകുക. എമർജൻസി കെയർ സപ്പോർട്ട്, ബേസിക് കെയർ സപ്പോർട്ട്, സാംപിൾ ശേഖരണം, ഹോം കെയർ സപ്പോർട്ട്, അഡ്വൻസ് കെയർ സപ്പോർട്ട്, മെഡിക്കൽ എക്യുപ്മെന്റ് സപ്പോർട്ട് എന്നീ ആറ് മേഖലകൾ തിരിച്ച് പരിശീലനം നൽകും.

കൊവിഡ് മൂന്നാം തരംഗം ആരംഭിക്കുന്നതിനു മുമ്പായി ഇവരുടെ പരിശീലനം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഒന്നാം തരംഗത്തിനിടയിലും രണ്ടാം തരംഗത്തിനിടയിലും മതിയായ ആരോഗ്യപ്രവർത്തകരുടെ അഭാവം ഇന്ത്യയിലം പല സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടിരുന്നു. അത്തരമൊരു അവസ്ഥ മൂന്നാം തരംഗത്തിൽ ഉണ്ടാകാതിരിക്കുന്നതിനുള്ള മുൻകരുതലുകളുടെ ഭാഗമായാണ് കേന്ദ്ര സർക്കാ‌ർ ഇത്തരമൊരു നീക്കം നടത്തുന്നത്.