moratorium

ന്യൂഡൽഹി: കൊവിഡ് രണ്ടാം തരം​ഗത്തിന്റെ പശ്ചാത്തലത്തിൽ ബാങ്ക് വായ്പ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജി സുപ്രീംകോടതി തളളി. പുതിയ വായ്പാ മൊറട്ടോറിയം സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിച്ച കോടതി ഹർജിയിൽ ഉന്നയിച്ച വിഷയങ്ങൾ നയപരമായ തീരുമാനങ്ങളുമായി ബന്ധപ്പെട്ട മേഖലയാണെന്നും വ്യക്തമാക്കി.

സ്ഥിതി​ഗതികൾ വിലയിരുത്തി ഉചിതമായ ഉത്തരവിറക്കേണ്ടത് സർക്കാരാണെന്നും കോടതി പറഞ്ഞു. മൊറട്ടോറിയം കാലയളവിലെ വായ്പകളുടെ പലിശ പൂര്‍ണമായി എഴുതിതള്ളാനാകില്ലെന്നും മൊറട്ടോറിയം കാലാവധി നീട്ടാനാകില്ലെന്നും സുപ്രീംകോടതി നേരത്തെ പറഞ്ഞിരുന്നു. സര്‍ക്കാരിന്‍റെ നയപരമായ തീരുമാനങ്ങളിൽ ഇടപെടാനാകില്ല. സാമ്പത്തിക നയങ്ങളിൽ ഇടപെടുന്നത് ദൂര്യവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

കൊവിഡ് വ്യാപനം തടയുന്നതിനായി സർക്കാർ രാജ്യവ്യാപക ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനെത്തുടർന്ന് കഴിഞ്ഞ വർഷം റിസർവ് ബാങ്ക് വായ്പ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതും രാജ്യവ്യാപക ലോക്ക്ഡൗണും കാരണം ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്നതിനായി വീട്, വാഹന, കാർഷിക വായ്പകൾ ഉൾപ്പെടെ എല്ലാ ടേം വായ്പ്പകൾക്കും അന്ന് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു.