blackfungus

ന്യൂഡൽഹി: കൊവിഡ് രോഗം ബാധിച്ചവരിൽ പ്രധാനമായും കണ്ടുവരുന്ന ബ്ളാക്‌ഫംഗസ് രോഗബാധ രാജ്യത്ത് ക്രമാതീതമായി കൂടുന്നെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ മൂന്നാഴ്‌ചയ്‌ക്കിടെ 150 ശതമാനമാണ് രോഗവർദ്ധന.

31,216 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചതായും 2109 പേർ മരിച്ചതായുമാണ് കണക്കുകൾ. 7057 കേസുകൾ റിപ്പോർട്ട് ചെയ്‌ത മഹാരാഷ്‌ട്രയാണ് ഏ‌റ്റവും മുന്നിൽ. 96 കേസുകൾ റിപ്പോർട്ട് ചെയ്‌ത ജാർഖണ്ഡിലാണ് ഏ‌റ്റവും കുറവ്. ഏറ്റവുമധികം ബ്ളാക്‌ഫംഗസ് മരണവും മഹാരാഷ്‌ട്രയിലാണ്-609. ഗുജറാത്തിൽ 5418 കേസുകളും 323 മരണവും റിപ്പോർട്ട് ചെയ്‌തു. രാജസ്ഥാനിൽ 2976 കേസുകളും 188 മരണവുമായി. ഉത്തർപ്രദേശിൽ ഇത് 1744 കേസുകളും 142 മരണവുമാണ്. ഡൽഹിയിൽ 1200 കേസുകൾ 125 മരണം.

ഏറ്രവും കുറച്ച് മരണം റിപ്പോർട്ട് ചെയ്‌തത് നിലവിൽ പശ്ചിമബംഗാളാണ്-23. രോഗചികിത്സയ്‌ക്ക് ആവശ്യമായ ആംഫോടെറിസിൻ-ബി എന്ന മരുന്നിന് രാജ്യത്ത് വലിയ ക്ഷാമമാണ്. ഇതും മരണനിരക്ക് ഉയരാൻ കാരണമായി. പ്രകൃതിയിൽ സാധാരണ കാണുന്ന പൂപ്പലാണ് മ്യൂക്കോമിസൈ‌റ്റ്. ഇതാണ് ബ്ളാക്ക് ഫംഗസ് രോഗം വർദ്ധിക്കാൻ കാരണം.

പൊതുവിൽ രോഗപ്രതിരോധ ശേഷി കുറഞ്ഞവരിൽ രോഗം എളുപ്പം പടരാനിടയാകുന്നുണ്ട്. പ്രമേഹം, സ്‌റ്റിറോയിഡുകളുടെ അമിത ഉപയോഗമുള‌ളവർ എന്നിവർക്ക് ഇത്തരത്തിൽ രോഗം വരാനിടയുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധർ കണ്ടെത്തിയിട്ടുണ്ട്.