തിരുവനന്തപുരം: പെരുമ്പാവൂർ കുറുപ്പംപടി പുന്നയത്ത് കുളിമുറിയിൽ അന്തിയുറങ്ങിക്കഴിയേണ്ടിവന്ന എൺപതുകാരിയുടെ രക്ഷയ്ക്ക് വനിതാകമ്മിഷൻ ഇടപെട്ടു. ഇതുസംബന്ധിച്ച വിവരം ലഭിച്ചയുടൻ സാറാമ്മയെ സന്ദർശിച്ച വനിതാകമ്മിഷൻ അംഗം ഷിജി ശിവജി എറണാകുളം ജില്ലാ സാമൂഹ്യനീതി ഓഫീസർക്കും മൂവാറ്റുപുഴ ആർ.ഡി.ഒയ്ക്കും കുന്നത്തുനാട് സ്റ്റേഷൻ എസ്.എച്ച്.ഒയ്ക്കും വേണ്ട നിർദേശം നൽകി.
ഷെൽറ്റർ ഹോമിലേക്ക് താമസം മാറാൻ കമ്മിഷൻ അംഗം പരമാവധി നിർബന്ധിച്ചെങ്കിലും അതിന് തയ്യാറാകാതെ ഈ മണ്ണിൽതന്നെ താമസിക്കാൻ മകൻ സൗകര്യമൊരുക്കണമെന്നായിരുന്നു അവരുടെ ആവശ്യം. രണ്ട് മാസത്തേക്ക് താത്കാലികമെന്ന് പറഞ്ഞ് വൃദ്ധസദനത്തിൽ താമസിപ്പിച്ചശേഷം സ്ഥലത്തുണ്ടായിരുന്ന വീട് ഇടിച്ചുകളയുകയായിരുന്നുവെന്ന് അവർ പരാതിപ്പെട്ടു.
വൃദ്ധസദനത്തിൽ താമസിക്കാൻ ഇഷ്ടപ്പെടാതെ ഇപ്പോഴത്തെ സ്ഥലത്ത് താമസിച്ചുവരുന്ന അവർക്ക് മകൻ താമസസൗകര്യം ഉൾപ്പെടെ ചെലവിന് തരണമെന്നാണ് ആഗ്രഹമെന്ന് കമ്മിഷനോട് പറഞ്ഞു. തന്റെ സംരക്ഷണം മകൻ ഏറ്റെടുക്കണമെന്ന അവരുടെ ആഗ്രഹം പരിഗണിച്ച് വിദേശത്തുള്ള മകനുമായി ബന്ധപ്പെട്ട് അതിനുള്ള നടപടി സ്വീകരിക്കണമെന്ന് അധികൃതർക്ക് അഡ്വ. ഷിജി ശിവജി നിർദേശം നൽകി.
വൃദ്ധയ്ക്കുവേണ്ട സംരക്ഷണം കൊടുക്കാനും ഭക്ഷണവും മരുന്നും കൃത്യമായി എത്തിക്കാനും വേങ്ങൂർ പഞ്ചായത്ത് പ്രസിഡന്റിനെ ചുമതലപ്പെടുത്തി.