mamata

സേലം: ഈ വരുന്ന ഞായറാഴ്‌ച മമതാ ബാനർജി സോഷ്യലിസത്തോടൊന്നിച്ച് തമിഴ്‌നാട്ടിലെ സേലത്ത് ഒരു പുതിയ ജീവിതം തുടങ്ങുകയാണ്. നെറ്റി ചുളിയ്‌ക്കാൻ വരട്ടെ. കോൺഗ്രസ് അനുഭാവിയായ ഒരു കുടുംബത്തിൽ ജനിച്ച പെൺകുട്ടിയ്‌ക്ക് അവളുടെ അച്ഛൻ ഇട്ട പേരാണ് പി. മമതാ ബാനർജി. ഒറിജിനൽ മമതാ ബാന‌ർജിയോടുള‌ള ആരാധന തന്നെയായിരുന്നു ആ പേരിടാൻ കാരണം.

ഇനി സോഷ്യലിസം എന്താണെന്ന് നോക്കാം. സിപിഐയുടെ സേലം ജില്ലാ സെക്രട്ടറി എ.മോഹനന്റെ മകനാണ് എ.എം സോഷ്യലിസം. മോഹന്റെ മൂന്നാമത്തെ മകനാണ് സോഷ്യലിസം. കടുത്ത ഇടത് വിശ്വാസിയായ മോഹൻ മൂത്ത രണ്ട് മക്കൾക്കും നൽകിയ പേര് കമ്മ്യൂണിസം എന്നും ലെനിനിസം എന്നുമാണ്. ഇതിൽ ലെനിനിസം തന്റെ മകന് ഇട്ട പേര് മാർക്‌സിസം എന്നാണ്. മൂത്തവനായ കമ്മ്യൂണിസം ഇപ്പോൾ വക്കീലാണ്. ലെനിനിസവും സോഷ്യലിസവും ചേർന്ന് ആഭരണ ജ്യുവലറി നടത്തുന്നു.

കൊവിഡ് സാഹചര്യം പ്രമാണിച്ച് ലളിതമായാകും മമതയുടെയും സോഷ്യലിസത്തിന്റെയും വിവാഹം. എന്തായാലും പേരിലെ വ്യത്യസ്‌തത കൊണ്ട് അന്താരാഷ്‌ട്ര പ്രശസ്‌തി നേടിയിരിക്കുകയാണ് ഇപ്പോൾ വിവാഹം.