തിരുവനന്തപുരം: കൊവിഡ് രൂക്ഷമായതോടെ തലസ്ഥാന നഗരത്തിൽ മാലിന്യ സംസ്‌കരണം താളം തെറ്റി. കഴിഞ്ഞ രണ്ട് മാസത്തോളമായി നഗരത്തിലെ വീടുകളിൽ നിന്നുള്ള മാലിന്യശേഖരണം തടസപ്പെട്ടിരിക്കുകയാണ്.
വ്യാവസായിക നഗരം അല്ലാത്തതുകൊണ്ട് തന്നെ തലസ്ഥാന നഗരത്തിൽ നിന്നുള്ള ഖരമാലിന്യത്തിന്റെ ഭൂരിഭാഗവും വീടുകളിൽ നിന്നാണ്. ആകെയുള്ള മാലിന്യത്തിന്റെ പകുതിയിൽ കൂടുതലും ജൈവമാലിന്യമാണ്. അവശേഷിക്കുന്നതിൽ കടലാസും കാർഡ് ബോഡും പോലുള്ള അഴുകിപ്പോകുന്നതോ കത്തിച്ചുകളയാവുന്നതോ ആയവയാണ്. കുപ്പിച്ചില്ലും ലോഹഭാഗങ്ങളും മറ്റുമടങ്ങിയ പുനഃചംക്രമണം (റീസൈക്കിൾ) ചെയ്യാവുന്ന വസ്തുക്കളുണ്ട്. വെട്ടിയിട്ട ചെടികളുടെയും മരങ്ങളുടെയും ഭാഗങ്ങളുണ്ട്. പ്ലാസ്റ്റിക് കൂടുകളും സഞ്ചികളും പ്ലാസ്റ്റിക് കുപ്പികളും മറ്റുമുണ്ട്. ഇതിലൊന്നുംഉൾപ്പെടാത്ത റബ്ബർ, തടി, തുണി, തുടങ്ങിയ പദാർഥങ്ങൾ കൊണ്ടുണ്ടാക്കിയ വസ്തുക്കളുമുണ്ട്.
തമിഴ്നാട്ടിലെ ഒരുകമ്പനിയാണ് നഗരസഭയിലെ മാലിന്യങ്ങൾ ശേഖരിച്ച് കൊണ്ടുപോയിരുന്നത്. എന്നാൽ, മാർച്ചിൽ കമ്പനിയുമായുള്ള കരാർ അവസാനിച്ചു. അത് ഇതുവരെ പുതുക്കാൻ കഴിഞ്ഞിട്ടില്ല. കൊവിഡിനെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കമ്പനിയുമായുള്ള കരാർ പുതുക്കാനായില്ലെന്നാണ് അധികൃതർ നിരത്തുന്ന ന്യായം. ഇതോടെ അജൈവ മാലിന്യങ്ങൾ നഗരത്തിന്റെ പലയിടങ്ങളിലായി കുന്നുകൂടാൻ തുടങ്ങി. കാലവഷം കൂടിയെത്തിയതോടെ മാലിന്യങ്ങൾ സാംക്രമിക രോഗ ഭീഷണിയുയർത്താൻ തുടങ്ങിയിട്ടുണ്ട്.
ഉറവിട മാലിന്യ
സംസ്‌കരണവും തഥൈവ
കോർപ്പറേഷൻ കൊട്ടിഘോഷിച്ച് ആരംഭിച്ച ഉറവിട മാലിന്യ സംസ്‌കരണവും പാളി. ഉറവിട മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി 52,000 മാലിന്യപ്പെട്ടികൾ നഗരസഭ വിതരണം ചെയ്തെങ്കിലും അവയെന്നും ജനങ്ങൾ ഉപയോഗിച്ചില്ല. ഇതോടെ ഇവ തിരിച്ചെടുക്കാൻ നഗരസഭ തീരുമാനിക്കുകയായിരുന്നു. വിളപ്പിൽശാലയിലെ മാലിന്യ പ്ളാന്റ് അടച്ചുപൂട്ടിയതോടെയാണ് വീടുകളിൽ നഗരസഭ മാലിന്യപ്പെട്ടികൾ സ്ഥാപിച്ചത്. മാലിന്യ നിർമ്മാർജ്ജനം കൂടുതൽ ഫലപ്രദമാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. എന്നാൽ ഇവയിൽ പകുതിയും ഉപയോഗിക്കാതെ നശിച്ചുപോയി.
പ്ളാസ്റ്റിക് മാലിന്യം
ശേഖരിക്കുന്നില്ല
കഴിഞ്ഞ രണ്ട് മാസമായി നഗരസഭ പ്ളാസ്റ്റിക് മാലിന്യം ഒന്നുംതന്നെ ശേഖരിക്കുന്നില്ല. മാർച്ചിന് ശേഷം ഇതുവരെ നേരാവണ്ണം മാലിന്യ ശേഖരണം നടന്നിട്ടില്ല എന്നതാണ് സത്യം. ഇതിന്റെ ഫലമായി പ്ളാസ്റ്റിക് കുന്നുകൂടുകയും കൊതുകുകൾ പെരുകാനും തുടങ്ങി. കോർപ്പറേഷൻ പരിധിയിൽ പ്രതിദിനം ശരാശരി 21 ടൺ പ്ളാസ്റ്റിക് മാലിന്യം ഉണ്ടാകുന്നുവെന്നാണ് കണക്ക്. ആകെ രൂപപ്പെടുന്ന ഖരമാലിന്യങ്ങളുടെ 40 ശതമാനവും പ്ളാസ്റ്റിക് മാലിന്യങ്ങളാണ്. നഗരപരിധിയിലെ ഓരോ വീടുകളിലും പ്രതിദിനം 1.5 കിലോ പ്ളാസ്റ്റിക് മാലിന്യം ഉണ്ടാകുന്നെന്നാണ് പഠനങ്ങളിൽ പറയുന്നത്. അതായത് പ്രതിമാസം ഉണ്ടാകുന്ന പ്ളാസ്റ്റിക് മാലിന്യം മാത്രം 400 മുതൽ 450 ടൺ വരും.
പാളയം മാർക്കറ്റിൽ മാത്രം
4,842 ടൺ ഖരമാലിന്യം
പാളയം കണ്ണിമേറ മാർക്കറ്റിൽ മാത്രം 4,842 ടൺ ഖരമാലിന്യമുണ്ടെന്നാണ് കണക്ക്. മാലിന്യം കുന്നുകൂടിയതിനെ തുടർന്ന് സംസ്കരിക്കുന്നതിനുള്ള ബയോ മൈനിംഗ് ഇവിടെ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. നിയന്ത്രണമില്ലാതെ നിരന്തരം ഖരമാലിന്യങ്ങൾ കൊണ്ടുവന്ന് തള്ളിയതിനെ തുടർന്ന് പാളയം മാർക്കറ്റിന് പിറകിൽ മാലിന്യത്തിന്റെ വലിയൊരു കൂമ്പാരം തന്നെ രൂപപ്പെട്ടിട്ടുണ്ട്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന എം.എസ്.ജി ഇൻഫ്രാ കമ്പനിയാണ് മാലിന്യം സംസ‌്‌കരിക്കുന്നത്. മാലിന്യങ്ങളെ ആറായി വേർതിരിച്ചാണ് സംസ്‌കരിക്കുന്നത്. കത്തിച്ചു നശിപ്പിക്കാനാക്കുന്നവ (പേപ്പർ ഉൽപന്നങ്ങൾ അടക്കമുള്ളവ), സിമന്റ് ഫാക്ടറികളിൽ നിന്നുള്ളവ, അസംസ്കൃത മണ്ണ്, കെട്ടിട നിർമ്മാണ മാലിന്യങ്ങൾ, ഗ്ളാസും കടുപ്പമേറിയതുമായ പ്ളാസ്റ്റിക്കുകൾ തുടങ്ങിയവയാണ് സംസ്കരിക്കുന്നത്. ഈ മാലിന്യങ്ങൾ എല്ലാം തന്നെ ജലാശയങ്ങളിലോ ജനവാസ കേന്ദ്രങ്ങളിലോ തള്ളാതെ ശാസ്ത്രീയമായിട്ടായിരിക്കും സംസ്കരിക്കുക. സംസ്കരണ സമയത്ത് ദുർഗന്ധം ഉണ്ടാകാതിരിക്കാൻ സുഗന്ധ വസ്തുക്കൾ സ്‌പ്രേ ചെയ്യുന്നുണ്ട്. എയ്റോബിക് കംപോസ്റ്റ് സംവിധാനത്തിലൂടെയായിരിക്കും ഇവ പിന്നീട് സംസ്കരിക്കുക. അതിനുശേഷം ലോറികളിൽ കയറ്റി വിവിധ ഏജൻസികൾക്ക് കൈമാറുകയാണ് ചെയ്യുന്നത്.