പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പിന് പിന്നാലെ, ജില്ലയിൽ വീണ്ടും പണമിടപാട് സ്ഥാപനത്തിനെതിരെ വീണ്ടും പരാതി. നിക്ഷേപകർക്ക് പണം തിരികെ നൽകാതെ ഓമല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന തറയിൽ ഫിനാൻസ് ഉടമ സജി സാമും കുടുംബവും മുങ്ങിയതായി നിക്ഷേപകർ അടൂർ പൊലീസിൽ പരാതിപ്പെട്ടു.
ഉടമയുടെയും കുടുംബാംഗങ്ങളുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫാണ്. തട്ടിപ്പ് സംബന്ധിച്ച നാല് പരാതികളാണ് അടൂർ പൊലീസ് സ്റ്റേഷനിൽ ലഭിച്ചത്. എന്നാൽ, സാമ്പത്തിക ഇടപാട് ആയതിനാൽ പരാതിയെപ്പറ്റി അന്വേഷണം നടത്തിയും എതിർ കക്ഷിയെ വിളിച്ചുവരുത്തിയ ശേഷവും മാത്രമേ കേസ് രജിസ്റ്റർ ചെയ്യൂവെന്ന് സി.ഐ പറഞ്ഞു.
സ്ഥാപനത്തിന്റെ ഓമല്ലൂർ, അടൂർ, പത്തനാപുരം ശാഖകൾ ഇപ്പോൾ തുറക്കുന്നില്ല. കോന്നി വകയാർ ആസ്ഥാനമായ പോപ്പുലർ ഫിനാൻസ് തട്ടിപ്പിനെ തുടർന്ന് ഓമല്ലൂരിലെ ഫിനാൻസിൽ നിക്ഷേപം നടത്തിയവർ അവിടെ നിന്ന് പണം പിൻവലിക്കാൻ ശ്രമിച്ചിരുന്നു. കുറച്ചുപേർക്ക് പണം മടക്കി നൽകി. ബാക്കിയുള്ളവരുടെ നിക്ഷേപത്തുക ഉടൻ നൽകുമെന്ന് ഉറപ്പു നൽകിയിരുന്നതാണ്. കൊവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടി തങ്ങളുടെ നിസാഹായവസ്ഥ ഉടമകൾ പറഞ്ഞിനെ തുടർന്ന് ആളുകൾ മടങ്ങിപ്പോയിരുന്നു. ഇതിന് പിന്നാലെയാണ് ഉടമ ഒളിവിൽ പോയത്. ഫെബ്രുവരി വരെ നിക്ഷേപകർക്ക് കൃത്യമായി പലിശ കിട്ടുന്നുണ്ടായിരുന്നു. പലിശ മുടങ്ങിയതോടെ 10 ലക്ഷം നിക്ഷേപിച്ച ഒരാൾ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ കൊടുത്തതാണ് ആദ്യ പരാതി. സ്ഥാപന ഉടമയെ പൊലീസ് വിളിച്ച് വരുത്തി ചോദ്യം ചെയ്തപ്പാൾ പണം ഏപ്രിലിൽ കൊടുക്കാമെന്ന് ഏറ്റതാണ്. ഇത് രേഖാമൂലം എഴുതിക്കൊടുക്കുകയും ചെയ്തിരുന്നു. റോട്ടറി ക്ളബ് ഭാരവാഹിയായിരുന്നു ഉടമ. ഈ പരിചയത്തിൽ ക്ളബ് അംഗങ്ങളിൽ പലരും വൻ തുക നിക്ഷേപിച്ചിട്ടുണ്ട്.