italy

റോം: കൊവിഡ് വ്യാപനത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന കായിക രംഗത്തിന് പ്രതീക്ഷയുടെ ഗോളായി യൂറോ കപ്പിന് കഴിഞ്ഞ അർദ്ധ രാത്രി പന്തുരുണ്ടു. തിങ്കളാഴ്ച പുലർച്ചെ ബ്രസീലിൽ കോപ്പ അമേരിക്കയ്ക്കും കിക്കോഫ്. ഇനി ഒരു മാസം ലോകമെങ്ങുമുള്ള ഫുട്ബാൾ പ്രേമികൾക്ക് ആഘോഷ രാവുകളാണ്. കൊവിഡ് മൂലം ഗാലറിയിൽ നിയന്ത്രണമുണ്ടെങ്കിലും ലോകമെമ്പാടും ടിവിയിലൂടെയും ഓൺലൈനിലൂടെയും ജനകോടികൾ ഫുട്ബാൾ ലഹരിയിൽ മതിമറക്കും. രണ്ട് ഫുട്ബാൾ മാമാങ്കങ്ങളുടെയും ഫൈനൽ ജൂലായ് 11ന്. കോപ്പ ഫൈനൽ വെളുപ്പിന് 5.30നും യൂറോ ഫൈനൽ അർദ്ധ രാത്രി 12.30നും.

ഇറ്റലിയും തുർക്കിയും തമ്മിലുള്ള യൂറോയിലെ ഉദ്ഘാടന മത്സരത്തിന് ശേഷം ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ വെയ്ൽസും സ്വിറ്റ്‌സർലൻഡും ഏറ്രുമുട്ടും. അസർബൈജാനിലെ ബാകുവിൽ ഇന്ത്യൻ സമയം വൈകിട്ട് 6.30നാണ് തുടക്കം. തുടർന്ന് ഡെൻമാർക്ക് ഫിൻലൻഡിനേയും (രാത്രി 9.30 മുതൽ), ബൽജിയം റഷ്യയേയും (രാത്രി 12.30 മുതൽ ) നേരിടും. ലൈവ്: സോണി ചാനലുകളിൽ.