മുംബയ്: എക്കാലത്തെയും റെക്കാഡ് തിരുത്തി സൂചികകൾ വീണ്ടുംകുതിച്ചു. ഐ.ടി, മെറ്റൽ, ഫാർമ ഓഹരികളിലെ നേട്ടം വിപണിക്ക് തുണയായി. സെൻസെക്‌സ് 174.29 പോയിന്റ് നേട്ടത്തിൽ 52,474.76ലും നിഫ്ടി 61.60 പോയിന്റ് ഉയർന്ന് 15,799.40ലും വ്യാപാരം അവസാനിപ്പിച്ചു. ലോക്ഡൗൺ പിൻവലിക്കാൻ തുടങ്ങിയതും കൊവിഡ് ബാധിതരുടെ പ്രതിദിന എണ്ണത്തിൽ കുറവുണ്ടായതും മൺസൂൺ പ്രതീക്ഷയുമൊക്കെയാണ് വിപണിയിൽ പ്രതിഫലിച്ചത്. 2008 ഓഗസ്റ്റിനുശേഷം ഇതാദ്യമായി യു.എസിലെ പണപ്പെരുപ്പ നിരക്ക് അഞ്ചുശതമാനത്തിലെത്തി. ബ്രിട്ടണിലെ സാമ്പത്തികമേഖല ഉണർവ് പ്രകടിപ്പിച്ചതും വിപണി നേട്ടമാക്കി.
ടാറ്റ സ്റ്റീൽ, ജെ.എസ്.ഡബ്ല്യു സ്റ്റീൽ, കോൾ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ആക്‌സിസ് ബാങ്ക്, എസ്.ബി.ഐ ലൈഫ് ഇൻഷുറൻസ്, ഇൻഡസിൻഡ് ബാങ്ക്, എൽആൻഡ്ടി, എച്ച്.ഡി.എഫ്.സി ലൈഫ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു.