mehul-choksi

ന്യൂഡൽഹി: വിവാദ വ്യവസായി മെഹുല്‍ ചോക്‌സിക്ക് ഡൊമിനിക്കൻ ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ജാമ്യം നല്‍കിയാല്‍ രാജ്യം വിടാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് ചോക്‌സിയുടെ ജാമ്യാപേക്ഷ തള്ളിയത്. ചോക്‌സിക്ക് ഡൊമിനിക്കയുമായി യാതൊരു ബന്ധവുമില്ലാത്തതിനാല്‍ ഒളിച്ചോടില്ലെന്ന് ഉറപ്പ് നല്‍കാന്‍ കോടതിക്ക് കഴിയില്ലെന്നും ജഡ്‌ജി പറഞ്ഞു.

ചോക്‌സി ഇന്ത്യന്‍ പൗരനാണെന്ന് ഡൊമിനിക്കന്‍ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചോക്‌സിയെ പെട്ടെന്ന് ഇന്ത്യയിലേക്ക് അയക്കേണ്ടെന്നാണ് കോടതിയുടെ തീരുമാനം. ആന്‍റിഗ്വയില്‍ നിന്ന് ക്യൂബയിലേക്ക് രക്ഷപ്പെടുന്നതിനിടെയാണ് ചോക്‌സി ഡൊമിനിക്കയില്‍ വച്ച് പിടിയിലാകുന്നത്.

ചോക്‌സിക്കെതിരെ ഇന്‍റര്‍പോള്‍ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ബന്ധു നീരവ് മോദിയുമായി ചേര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി വായ്‌പയെടുത്ത് മുങ്ങിയ കേസിലെ പ്രതിയാണ് ചോക്‌സി.