vizhinjam

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട പുലിമുട്ടുകളുടെ നിർമ്മാണം താത്കാലികമായി നിറുത്തി. തമിഴ്നാട്,​ കുമ്മിൾ,​ നഗരൂർ എന്നിവിടങ്ങളിൽ നിന്നാണ് പുലിമുട്ട് നിർമ്മിക്കാനാവശ്യമായ കല്ലുകൾ എത്തിച്ചിരുന്നത്. എന്നാൽ തമിഴ്നാട്ടിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതും പാറമടകളിലെ പ്രവർത്തനം നിലച്ചതും പുലിമുട്ട് നിർമ്മാണത്തെ ബാധിച്ചതിനാലാണ് നിർമ്മാണം നിറുത്താൻ തീരുമാനിച്ചത്. 900 മീറ്റർ പിന്നിട്ട പുലിമുട്ട് നിർമ്മാണത്തിന്റെ 200 മീറ്റർ ഭാഗം കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ കടൽക്ഷോഭത്തിലും തിരയടിയിലും പലഘട്ടങ്ങളിലായി തകരുകയും കല്ലുകൾ ഒലിച്ചുപോവുകയും ചെയ്തിരുന്നു. ഇതും പ്രതിസന്ധിയായി. തുടർന്നാണ് അദാനി തുറമുഖ നിർമ്മാണ കമ്പനി പുലിമുട്ടിന്റെ പണികൾ താത്കാലികമായി നിറുത്തിവയ്ക്കുന്നത്.

കൊല്ലം,​ മുതലപ്പൊഴി എന്നിവിടങ്ങളിൽ നിന്ന് ബാർജ് വഴി എത്തിച്ചിരുന്ന കല്ലുകളും കാലാവസ്ഥ മോശമായതിനെ തുടർന്ന് എത്തിക്കാൻ കഴിയാതായി. തുറമുഖത്ത് അടിക്കിടിയുണ്ടായ വേലിയേറ്റത്തിൽ ഒലിച്ചപോയ കൂറ്റൻ കല്ലുകൾ അഴിമുഖത്ത് പലയിടങ്ങളിൽ ഉള്ളതിനാൽ പലപ്പോഴും ഇവിടെ അപടകങ്ങൾ പതിവാകുന്നുണ്ട്. കഴിഞ്ഞ ദിവസം ഇവിടെ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വന്ന നാല് തൊഴിലാളികൾ അപകടത്തിൽപെട്ടിരുന്നു. എന്നാൽ തുറമുഖത്ത് അപകടത്തിന് കാരണം മണൽ തിട്ടയല്ലെന്ന നിലപാടിലാണ് അദാനി പോർട്ട്. അഴിമുഖത്ത് രൂപപ്പെട്ട മണൽത്തിട്ടയാണ് അപകടത്തിന് കാരണമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. മന്ത്രി സജി ചെറിയാന്റെ നിർദ്ദേശപ്രകാരമാണ് കഴിഞ്ഞ ദിവസം മുതൽ അദാനി ഗ്രൂപ്പ് മണൽ നീക്കാൻ തുടങ്ങിയത്.

കടലിനടിയിലെ മണ്ണ് നീക്കാനുള്ള ഡ്രജർ ഇവിടെ ഇല്ലായിരുന്നു. തുടർന്ന് മണ്ണുമാന്തിയന്ത്രം വിശാലമായ ബാർജിൽ സജ്ജമാക്കിയാണ് മണ്ണ് നീക്കിയത്. മൺസൂൺ ശക്തമാകുന്നതിന് മുമ്പ് മണ്ണ് നീക്കം ചെയ്യുകയാണ് ലക്ഷ്യം. തുറമുഖത്തിന്റെ പ്രവേശന കവാടത്തിന്റെ ചാലിന് ഇപ്പോൾ എട്ട് മീറ്റാണ് ആഴം. ഏഴ് ദീവസം കൊണ്ട് പത്ത് മീറ്ററാക്കാനാണ് ലക്ഷ്യം. എടുക്കുന്ന മണ്ണ് ആഴക്കടലിൽ നിക്ഷേപിക്കുവാണ് പദ്ധതിയിട്ടിരിക്കുന്നത്. അപകടങ്ങളെ തുടർന്ന് ഇവിടെ ദിശാബോർഡുകൾ, രാത്രി കാലങ്ങളിൽ സിഗ്നൽ ലാംബുകൾ, ബോയകൾ, മറ്റു സുരക്ഷാ ഉപകരണങ്ങൾ എന്നിവ മത്സ്യത്തൊഴിലാളികൾക്ക് ഒരുക്കുന്നതിന് അദാനി കമ്പനിയും ഹാർബർ എൻജിനിയറിംഗ് അതോറിട്ടിയും ചേ‌ർന്ന് ആലോചിക്കുന്നുണ്ട്.

പുലിമുട്ട് നിർമ്മിക്കുന്നതിന്റെ വലതുഭാഗത്ത് ഇവിടെയുള്ള തൊഴിലാളികൾക്കായി അദാനി തുറമുഖ കമ്പനി ആധുനിക രീതിയിലുള്ള മത്സ്യബന്ധന തുറുമുഖവും നിർമ്മിച്ചുനൽകുന്നുണ്ട്. മാത്രമല്ല തിരയടിയിൽ ഒലിച്ചപോയ കടലിനടിയിലെ പാറകൾ കണ്ടെത്തുന്നതിന് സർവേ ഉൾപ്പെടെയുള്ള നടപടികൾ ഉടൻ പൂർത്തിയാക്കി എൻജിനിയറിംഗ് വിദഗ്ദ്ധരുടെ സഹായത്തോടെ ഇതു നീക്കം ചെയ്യാനും ആലോചിക്കുന്നുണ്ട്. ഇതിനായി അടുത്ത ആഴ്ചക്കുള്ളിൽ ഗുജറാത്ത്, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്ന് വിദഗ്ദ്ധർ എത്തുമെന്നും അറിവുണ്ട്‌.