gold

കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം. ഇന്ന് പവന് 280 രൂപ കുറഞ്ഞ് 36,600 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4575 രൂപയായി. ഏപ്രിൽ, മേയ് മാസങ്ങളിൽ കുത്തനെ ഉയരുന്ന ട്രെൻഡായിരുന്നെങ്കിൽ ഈ മാസം സ്വർണവിലയിൽ ചാഞ്ചാട്ടം പ്രകടമാണ്. ജൂൺ മൂന്നിന് 36,960 എന്ന നിലയിലേക്ക് പവന് വിലയെത്തിയെങ്കിൽ തൊട്ടടുത്ത ദിവസം ഇത് 36,400ലേക്ക് കൂപ്പുകുത്തി. തുടർന്ന ദിവസങ്ങളിലും നേരിയ വർദ്ധനവും കുറവും സ്വർണവിലയിലുണ്ടായി.

രാജ്യത്തെ സ്വർണ വിലയിലും ഇന്ന് കുറവാണ് രേഖപ്പെടുത്തിയത്. കമ്മോഡി‌റ്റി വിപണിയിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് വില എം‌ഡി‌എക്‌സിൽ 48,​800 രൂപയാണ്. കഴിഞ്ഞ ദിവസത്തെക്കാൾ 318 രൂപയുടെ കുറവ്.

ആഗോള തലത്തിലും ഇന്ന് സ്വ‌ർണവിലയിൽ ഏറ്റക്കുറച്ചിലുണ്ടാകുന്നുണ്ട്. ഡോളർ ദുർബലമായതും ബോണ്ട് ആദായം കുറഞ്ഞതും അമേരിക്കയിൽ വിലക്കയ‌റ്റ ഭീഷണിയുള‌ളതും കാരണം സ്‌പോട്‌ ഗോൾഡിന് 21 ഡോളറോളം കുറഞ്ഞ് 1876 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.