sajitha-rehman

കൊച്ചി: അയൽക്കാരിയായ പ്രണയിനിയെ പത്ത് വർഷം മുറിയിൽ അടച്ചിട്ട സംഭവത്തിൽ വനിതാ കമ്മിഷൻ ഇടപെടുന്നു. യുവതിയെ സന്ദർശിക്കാൻ ഉടൻ നെന്മാറിയിലേക്ക് പോകുമെന്നും, മൊഴിയെടുക്കുമെന്നും കമ്മിഷൻ അംഗം ഷിജി ശിവജി പറഞ്ഞു.

സാമാന്യ യുക്തിക്കു നിരക്കാത്ത സംഭവമാണ് ഉണ്ടായിരിക്കുന്നതെന്നും, ദൈനംദിനകാര്യങ്ങൾ പോലും നിറവേറ്റാനാവാതെയാണ് യുവതി താമസിച്ചതെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും ഷിജി പറഞ്ഞു. മനുഷ്യാവകാശലംഘനം നടന്നതായാണ് വിലയിരുത്തലെന്നും അവർ കൂട്ടിച്ചേർത്തു.

സംഭവവുമായി ബന്ധപ്പെട്ടുള്ള പൊലീസ് നടപടികളിൽ വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് കമ്മിഷൻ പരിശോധിക്കുമെന്നും ഷിജി ശിവജി പറഞ്ഞു. തനിക്ക് പരാതികളില്ലെന്ന് യുവതി പറഞ്ഞതായി നെന്മാറ എംഎൽഎ കെ ബാബു നേരത്തെ പ്രതികരിച്ചിരുന്നു.

2010 ഫെബ്രുവരിയിലാണ് അയിലൂർ സ്വദേശിയായ യുവതിയെ കാണാതായത്. കഴിഞ്ഞ പത്ത് വർഷം മാതാപിതാക്കളും രണ്ട് സഹോദരങ്ങളും ഉൾപ്പെടുന്ന തന്റെ വീട്ടിൽ പ്രണയിനിയായ സജിതയെ ഒളിപ്പിച്ച് താമസിപ്പിച്ചുവെന്നാണ് റഹ്മാൻ പറയുന്നത്.