shilpa-

മുംബയ്: തന്റെ മുൻ ഭാര്യ കവിതയുമായി പിരിയാനുള്ള കാരണം ആദ്യമായി മാദ്ധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് അഭിനേത്രി ശില്പാ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര. 2006 ൽ കവിതയുമായുള്ള വിവാഹബബന്ധം വേർപ്പെടുത്തിയ ശേഷം രാജ് കുന്ദ്ര 2009ൽ ശില്പാ ഷെട്ടിയെ വിവാഹം കഴിച്ചിരുന്നു. ഈയടുത്ത് ശില്പാ ഷെട്ടിയാണ് തന്റെ വിവാഹജീവിതം തകരാൻ കാരണമെന്ന് കവിത മുമ്പ് പറഞ്ഞ ഒരു വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനുള്ള മറുപടിയുമായിട്ടാണ് രാജ് കുന്ദ്ര ഇപ്പോൾ മാദ്ധ്യമങ്ങൾക്കു മുന്നിൽ വന്നിരിക്കുന്നത്.

താൻ ശില്പയെ പരിചയപ്പെടുന്നതിന് മുമ്പ് തന്നെ തന്റെ വിവാഹ ജീവിതം തകർന്നിരുന്നുവെന്നും കവിതയ്ക്ക് തന്റെ സഹോദരിയുടെ ഭർത്താവുമായി ഉണ്ടായിരുന്ന അവിഹിത ബന്ധം താൻ കണ്ടു പിടിച്ചതിനു ശേഷമാണ് താൻ അവരുമായി അകന്നതെന്നും രാജ് കുന്ദ്ര ഒരു വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ശില്പാ ഷെട്ടിയാണ് തന്റെ വിവാഹജീവിതം തകർത്തതെന്ന പ്രസ്താവന നൽകുന്നതിന് വേണ്ടി കവിത ബ്രിട്ടനിലുള്ള ഒരു ടാബ്ളോയിഡിൽ നിന്നും ലക്ഷങ്ങൾ കൈക്കൂലി വാങ്ങിച്ചുവെന്നും രാജ് കുന്ദ്ര ആരോപിച്ചു. അത് തെളിയിക്കുവാൻ ബാങ്ക് സ്റ്റേറ്റ്മെന്റ് അടക്കമുള്ള തെളിവുകൾ തന്റെ പക്കലുണ്ടെന്നു അദ്ദേഹം വെളിപ്പെടുത്തി.

തന്റെ മകളെ പോലും കവിത തന്നിൽ നിന്നും അകറ്റിയെന്നും മകൾക്ക് തന്നോട് സ്നേഹമാണോ വെറുപ്പാണോ എന്ന് പോലും അറിയില്ലെന്ന് രാജ് കുന്ദ്ര പറഞ്ഞു. രാജ് കുന്ദ്ര-ശില്പാ ഷെട്ടി ദമ്പതികൾക്ക് ഒൻപത് വയസ് പ്രായമുള്ള മകനും ഒരു വയസ് പ്രായമുള്ള മകളുമുണ്ട്.