car

ഒരു പുതിയ കാർ വാങ്ങുന്ന അതേ ഗൗരവത്തിൽ തന്നെയാണ് ഇന്ന് പലരും സെക്കൻഡ് ഹാൻഡ് കാറുകളും തിരഞ്ഞെടുക്കുന്നത്. പുതിയ കാർ വാങ്ങുമ്പോൾ ലഭിക്കുന്ന വാറണ്ടിയും ഫ്രീ സർവീസും ഒക്കെ ഇപ്പോൾ മാരുതി ട്രൂ വാല്യു, മഹീന്ദ്രാ ഫസ്റ്റ് ചോയിസ് മുതലായ കമ്പനികൾ നൽകുന്നുണ്ട് എന്നതും ചുളു വിലയ്ക്ക് വാഹനങ്ങൾ ലഭിക്കുമെന്നതും ഇന്ന് സെക്കൻഡ് ഹാൻഡ് കാറുകളുടെ വിപണിയെ ആകർഷകമാക്കുന്നുണ്ട്. എങ്കിൽ പോലും ഒരു യൂസ്ഡ് കാർ വാങ്ങുമ്പോൾ നമ്മൾ അത്യാവശ്യം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

നന്നായി സർവീസ് ചെയ്യുക

വാഹനം ഉപയോഗിച്ചു തുടങ്ങുന്നതിനു മുമ്പ് നല്ലൊരു മെക്കാനിക്കിനെ കൊണ്ട് വണ്ടി നന്നായി സർവീസ് ചെയ്യിക്കുന്നത് നല്ലതാണ്. ഒരാൾ ഓട്ടിച്ചിരുന്ന വാഹനം എത്ര സുരക്ഷിതമായി ഓടിച്ചു എന്ന പറഞ്ഞാലും എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടാകാൻ സാദ്ധ്യത ഉണ്ട്. ചിലപ്പോൾ വളരെ നിസാരമായ പ്രശ്നം ആയിരിക്കാം, എന്നാൽ കൂടുതൽ വഷളാകുന്നതിനു മുമ്പ് മാറ്റുന്നതായിരിക്കും നല്ലത്. ഓയിലും ഫിൽറ്ററും മാറാൻ ഒരു കാരണവശാലും മറക്കരുത്

ഇന്റീരിയർ ക്ലീനിംഗ്

പലരും വലിയ പ്രാധാന്യം കൊടുക്കാത്ത ഒരു ഭാഗമാണ് കാറിന്റെ ഉൾവശം വൃത്തിയാക്കുന്നത്. കാർ കഴുക്കുകുന്ന അവസരത്തിൽ വാക്വം ചെയ്യാറുണ്ടെങ്കിലും ഡീപ് ക്ലീനിംഗ് പോലുള്ള വൃത്തിയാക്കലുകൾ പലരും ചെയ്യാൻ മെനക്കെടാറില്ല. എന്നാൽ വാഹനത്തിനുള്ളിലെ പെയിന്റ് സംരക്ഷിക്കുന്നതിനും സീറ്റ് ലെതർ തിളക്കമുള്ളതാക്കാനും മാത്രമല്ല വാഹനത്തിനുള്ളിൽ വർഷങ്ങളായി അടിഞ്ഞുകൂടിയിട്ടുള്ള അണുക്കളെ ഇല്ലാതാക്കാനും ഇന്റീരിയർ ക്ലീനിംഗ് വഴി സാധിക്കും.

ഉടമസ്ഥാവകാശ കൈമാറ്റം

പിന്നീട് ചെയ്യാം എന്ന് കരുതി മാറ്റി വയ്ക്കുന്ന കാര്യങ്ങളിൽ ഏറ്റവും മുന്നിലുള്ളതാണ് ഉടമസ്ഥാവകാശം ആർ സി ബുക്കിൽ മാറ്റുക എന്നത്. പണ്ട് ഇത് ഒരു ഭഗീരഥ പ്രയത്നമായിരുന്നെങ്കിലും ഇന്ന് ഒട്ടുമിക്ക ആ‌‌ർ ടി ഒകളിലും ഇത് ഓൺലൈൻ ആയി ചെയ്യാൻ സാധിക്കും. ട്രൂ വാല്യു, ഫസ്റ്റ് ചോയിസ് പോലുള്ള ബ്രാൻഡഡ് യൂസ്ഡ് കാർ ഷോറൂമുകളിൽ നിന്ന് വാഹനം വാങ്ങിയാൽ കമ്പനി തന്നെ ഇത്തരം കാര്യങ്ങൾ ചെയ്തു തരും. എന്നാൽ പുറത്തു നിന്നാണ് വാങ്ങുന്നത് എങ്കിൽ ഉടമസ്ഥാവകാശം തിരുത്താൻ വാങ്ങുന്ന ആൾ കുറച്ചു സമയം ഇതിനായി നീക്കി വയ്ക്കണം. കൂടാതെ മുൻ ഉടമസ്ഥന് വാഹനം വിൽക്കുന്നതിനുള്ള എൻ ഒ സി ഉണ്ടോ എന്ന് കൂടി ഉറപ്പു വരുത്തേണ്ടതാണ്. അതാ ഇല്ലാത്തപക്ഷം വാഹനം നിങ്ങളുടെ പേരിലേക്ക് മാറ്റാൻ സാധിക്കില്ല.

ഇൻഷുറൻസ്

വാഹനം എടുക്കുന്ന അവസരത്തിൽ ആ വാഹനത്തിന് ഒരുപക്ഷേ ഇൻഷുറൻസ് ഉണ്ടാകാം. എന്നാൽ അത് മുൻ ഉടമസ്ഥന്റെ പേരിലായിരിക്കും. ഒന്നുകിൽ അത് നിങ്ങളുടെ പേരിലേക്ക് മാറ്റാം അതല്ലെങ്കിൽ പുതിയൊരു ഇൻഷുറൻസ് എടുക്കാവുന്നതാണ്. ഏതായാലും ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ വാഹനത്തിന് ഇൻഷുറൻസ് ഉണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്.

കൃത്യമായ സർവീസ്

പുതിയ വാഹനം എങ്ങനെ ശ്രദ്ധിക്കുന്നുവോ അതേ ശ്രദ്ധ സെക്കൻഡ് കാർ വാഹനത്തിനും നൽകേണ്ടതാണ്. കൃത്യമായ ഇടവേളകളിൽ സർവീസ് നടത്താൻ മറക്കരുത്. ഫസ്റ്റ് ഹാൻഡ് വാഹനത്തെപോലെ സെക്കൻഡ് ഹാൻഡ് വാഹനങ്ങളുടെ വിലയിൽ കാര്യമായ ഇടിവ് വരാറില്ല. അതിനാൽ തന്നെ വാഹനം നല്ല കണ്ടീഷനിൽ വച്ചാൽ പിന്നീട് അത് വിൽക്കുമ്പോൾ മാന്യമായ വില നിങ്ങൾക്കു ലഭിക്കും.