കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ വിമർശിച്ചതിന് സംവിധായക ആയിഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയ നടപടിയിൽ പ്രതിഷേധിച്ച് ലക്ഷദ്വീപ് ബി ജെ പിയിലെ 15 പ്രവർത്തകർ പാർട്ടിയിൽ നിന്നും രാജി വച്ചു. ലക്ഷദ്വീപ് ബി ജെ പി അദ്ധ്യക്ഷൻ സി അബ്ദുൾ ഖാദർ ഹാജിയുടെ പരാതിയെ തുടർന്നാണ് ആയിഷയ്ക്ക് എതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.
പാർട്ടിയിലെ 12 നേതാക്കന്മാരും മൂന്ന് പ്രവർത്തകരും ഒപ്പിട്ട് പാർട്ടി അദ്ധ്യക്ഷന് കൈമാറിയ രാജികത്തിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികൾ ജനദ്രോഹവും ജനാധിപത്യ വിരുദ്ധവുമാണെന്നും പറയുന്നു. കൂടാതെ ആയിഷാ സുൽത്താനയ്ക്ക് തങ്ങൾ പൂർണ്ണ പിന്തുണ നൽകുന്നതായി പറയുന്നു.
ലക്ഷദ്വീപിലെ ജനങ്ങൾക്കെതിരെ അഡ്മിനിസ്ട്രേറ്റർ കൊവിഡിനെ ബയോ വെപ്പൺ ആയി ഉപയോഗിച്ചുവെന്ന ആയിഷ സുൽത്താനയുടെ പ്രസ്താവനയാണ് അവരെ കുടുക്കിയത്.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ പ്രവൃത്തികൾ ഒരുതരത്തിലും ന്യായീകരണം അർഹിക്കാത്തവയാണെന്നും അതിനെതിരെ ശബ്ദമുയർത്തിയ ലക്ഷദ്വീപിലെ സഹോദരിക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് പരാതി നൽകിയ ലക്ഷദ്വീപ് പാർട്ടി അദ്ധ്യക്ഷന്റെ നടപടി അംഗീകരിക്കുവാൻ സാധിക്കാത്തതാണെന്നും കത്തിൽ കൂട്ടിച്ചേർക്കുന്നു. ലക്ഷദ്വീപ് ബി ജെ പി സെക്രട്ടറി അബ്ദുൾ ഹമീദ് മുല്ലപ്പുഴ അടക്കമുള്ളവർ ഒപ്പിട്ട രാജികത്താണ് അദ്ധ്യക്ഷന് കൈമാറിയത്.