akali-dal

അമൃത്‌സർ: കേന്ദ്രസർക്കാർ പാസാക്കിയ കാ‌ർഷിക ബില്ലുകൾ കാരണം എൻ‌ഡി‌എ വിട്ട് ബിജെപിയുമായുള‌ള ബാന്ധവം ഉപേക്ഷിച്ച അകാലിദൾ പുതിയ സഖ്യം പ്രഖ്യാപിച്ചു. മായാവതിയുടെ ബി‌എസ്‌പിയുമായാണ് അകാലി ദൾ അടുത്തവർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യം രൂപീകരിച്ചത്.

പഞ്ചാബിന്റെ രാഷ്‌ട്രീയത്തിൽ ഇത് പുതിയ ദിനമാണെന്നും 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിലും വരുന്ന മറ്റ് തിരഞ്ഞെടുപ്പുകളിലും ബിഎസ്‌പിയും അകാലി ദളും ഒരുമിച്ച് മത്സരിക്കുമെന്ന് അകാലി ദൾ പ്രസിഡന്റ് സുഖ്ബീർ സിംഗ് ബാദൽ അറിയിച്ചു. 2017 തിരഞ്ഞെടുപ്പിൽ പഞ്ചാബിലെ ആകെ 119 സീ‌റ്റുകളിൽ 97ൽ അകാലി ദളും 20ൽ ബിജെപിയുമായിരുന്നു മത്സരിച്ചിരുന്നത്. ഈ 20 സീ‌റ്റുകളും ബി‌എസ്‌പിയ്‌ക്ക് നൽകും.

1996ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിഎസ്‌പിയുമൊത്ത് അകാലി ‌ദൾ മത്സരിച്ചിരുന്നു. അന്ന് 13 സീ‌റ്റുകളിൽ 11ഉം സഖ്യം ജയിച്ചു. പഞ്ചാബിൽ ദളിത് വിഭാഗങ്ങൾക്കിടയിൽ ബി‌എസ്‌പിയ്‌ക്ക് സ്വാധീനമുണ്ട്. 40 ശതമാനമാണ് ഇവിടെ ദളിത് ജനസംഖ്യം. 31 ശതമാനം വോട്ടുകളാണ് ബി‌എസ്‌പിക്കുള‌ളത്.