ഭൂമിക്കടിയിലെ മറ്റൊരു ലോകത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. ഇല്ലെങ്കിൽ ഇപ്പോൾ മുതൽ ചിന്തിച്ചു തുടങ്ങിക്കൊള്ളൂ. ചെറുതായിട്ടല്ല, കാര്യമായിട്ടുതന്നെ. കണ്ടാൽ വെറും തരിശുഭൂമിയാണെന്നേ തോന്നൂ. എന്നാൽ, മണ്ണിനടിയിൽ ആരാധനാലയങ്ങൾ, ലൈബ്രറി, ബാർ, ഹോട്ടലുകൾ തുടങ്ങി എല്ലാ സൗകര്യവുമുള്ള ഒരു നഗരം. കേട്ടുമറന്ന നാടോടിക്കഥയിലെ സാങ്കൽപ്പിക ലോകമാണ് ഓർമ്മ വരുന്നതെങ്കിൽ, തെറ്റി കൂബർ പെഡി എന്ന ആശ്ചര്യ ലോകത്തെക്കുറിച്ചാണ് പറഞ്ഞു വന്നത്. അവിടെ ഭൂമിക്കടിയിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ജനവാസ കേന്ദ്രമുണ്ട്.
സൗത്ത് ഓസ്ട്രേലിയയിൽ നിന്ന് ഏകദേശം 850 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന കൂബർ പെഡി ലോകത്തിന്റെ ഓപൽ തലസ്ഥാനം എന്നാണ് അറിയപ്പെടുന്നത്. ഓപൽ രത്നം ഖനനം ചെയ്യുന്ന ഇടമായതിനാലാണ് അങ്ങനെ അറിയപ്പെടുന്നത്. ഭൂമിക്കടിയിൽ നൂറ്റാണ്ടുകൾക്കിപ്പുറവും ജനവാസമുള്ള നഗരമാണിത്. വീടുകൾ മാത്രമല്ല എയർ ബി.എൻ.പി അടക്കമുള്ള അത്യാഢംബര ഹോട്ടൽ ശൃംഖലകൾ വാടകയ്ക്ക് കൊടുക്കുന്ന താമസസ്ഥലങ്ങൾ വരെ ഭൂമിക്കടിയിലെ ഈ അപൂർവ നഗരത്തിലുണ്ട്.
ആലിസ് സ്പ്രിംഗ്സിനും അഡ്‌ലെയ്ഡിനും ഇടയിലുള്ള മരുഭൂമിക്കടിയിലാണ് ഈ ഭൂഗർഭ നഗരം. നൂറ്റാണ്ടുകൾക്കു മുമ്പ് ആദിവാസികളായിരുന്നു ഇവിടത്തെ താമസക്കാർ. പിന്നീട് ഓപൽ രത്നം കണ്ടെത്തിയതിനെത്തുടർന്ന് നിരവധിപ്പേർ ഇവിടെയെത്തി ഖനനം ആരംഭിച്ചു. മരുഭൂമിയിലെ കടുത്ത ചൂട് സഹിക്ക വയ്യാതെ ഇവിടെയെത്തുന്ന തൊഴിലാളികൾ താമസം ഭൂമിക്കടിയിലേക്ക് മാറ്റി. അങ്ങനെയാണ് ഭൂഗർഭ നഗരമായ കൂബർ പെഡി രൂപംകൊണ്ടത്.
തുടർന്ന് വന്നവർ ഇതൊരു പതിവാക്കി. അങ്ങനെ മണ്ണിനടിയിൽ ഒരു നഗരം തന്നെ സൃഷ്ടിച്ചു. 'കൂബ പിറ്റി' എന്ന പുരാതന നാമം തങ്ങൾക്ക് ഉച്ചരിക്കാവുന്ന രീതിയിൽ അവർ 'കൂബർ പെഡി' എന്ന് മാറ്റുകയും ചെയ്തു. ഭൂമിക്കടിയിലെ ജീവിതം സർവ്വ സാധാരണമായതോടെ, പുറത്തെ കെട്ടിടങ്ങളുടെ അതേ രീതിയിൽ ഭൂമിക്കടിയിലും വീടുകൾ നിർമ്മിച്ചു തുടങ്ങി. കിടപ്പുമുറിയും അടുക്കളയും ടോയ്ലെറ്റുമെല്ലാമുള്ള വീടുകളാണ് കൂബർ പെഡിയിലുമുള്ളത്. മണ്ണിനടിയിൽ തന്നെ പള്ളികളും ആർട്ട് ഗ്യാലറിയും ബാറുകളും ഹോട്ടലുകളും അടക്കമുള്ള എല്ലാ സൗകര്യങ്ങളും അവർ ഒരുക്കിയിട്ടുണ്ട്. കൂബർ പെഡിയിൽ 1500 കുടുംബങ്ങൾക്ക് താമസിക്കാനുള്ള വീടുകളുണ്ട്. ഇവിടെരണ്ട് ഭൂഗർഭ പള്ളികളാണുള്ളത്.
ആദ്യകാഴ്ചയിൽ തരിശായിക്കിടക്കുന്ന വെറും ഭൂമിയാണെന്നേ തോന്നുകയുള്ളൂ. എന്നാൽ, നേരിട്ട് സൂര്യപ്രകാശം ലഭിക്കാതെ കൃത്രിമ വെളിച്ചത്തിന്റെ സഹായത്തോടെ ജീവിതവുമായി പൊരുത്തപ്പെട്ട് കഴിയാൻ ഇവിടെയുള്ളവർക്ക് സാധിക്കുന്നു എന്നതാണ് എടുത്തുപറയേണ്ട പ്രത്യേകത.
മാത്രവുമല്ല, പുറത്തെ അസഹനീയമായ ചൂട് കാരണം ഇവിടെയുള്ളവർക്ക് സാധാരണ കളികളിൽ ഏർപ്പെടാൻ സാധിച്ചിരുന്നില്ല. അതിനും അവർ ഒരു പോം വഴി കണ്ടെത്തി. ഇരുട്ടിൽ തിളങ്ങുന്ന ബോളുകൾ നിർമ്മിച്ച് രാത്രിയിൽ മണ്ണിനു മുകളിൽ എത്തി അവർ ഗോൾഫ് കളിക്കാനാരംഭിച്ചു. ഉയർന്ന താപനില കാരണം സസ്യങ്ങൾ പോലും ഈ മേഖലയിൽ വളരാറില്ല. എന്നാൽ അതിനും അവർ ഒരു പോംവഴികണ്ടെത്തി, ലോഹങ്ങൾ കൊണ്ട് മരങ്ങളുടെ മാതൃകകൾ സൃഷ്ടിച്ച് പച്ചപ്പുണ്ടാക്കി!