gggg

ജിദ്ദ : കൊവിഡ് വ്യാപന ഭീഷണി നിലനിൽക്കുന്നതിനാൽ പ്രതിരോധ നടപടികളുടെ ഭാഗമായി ഈ വർഷവും ഹജ്ജ് രാജ്യത്തിനകത്ത് കഴിയുന്ന പ്രവാസികൾക്കും സ്വദേശികൾക്കും മാത്രമായി പരിമിതപ്പെടുത്തിയതായി സൗദി. സൗദി ഹജ്ജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്

തീർഥാടനത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്കാവുന്നതാണ്. തീർത്ഥാടനത്തിന്റെ എല്ലാ ഘട്ടങ്ങളിലും കൊവിഡ് മാനദണ്ഡ ലംഘനമുണ്ടാവാതിരിക്കാൻ കർശന നിരീക്ഷണം ഏർപ്പെടുത്തും.

ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്നവർ രാജ്യത്ത് അംഗീകരിച്ച കൊവിഡ് വാക്സിൻ കുത്തിവയ്പ് എടുത്തവരായിരിക്കണം. മറ്റ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ലാത്ത കൊവിഡ് വാക്സിൻ സ്വീകരിച്ച 18 നും 65 നും ഇടയിൽ പ്രായമുള്ളവർക്കാണ് അനുമതിയെന്ന് അധികൃതർ വ്യക്തമാക്കി.

കോവിഡ് വാക്‌സിനേഷൻ രണ്ട് ഡോസ് പൂർത്തീകരിച്ചവർ, ഒന്നാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞവർ, കോവിഡ് ബാധയിൽ നിന്ന് മുക്തി നേടിയ ശേഷം വാക്‌സിൻ സ്വീകരിച്ചവർ എന്നിവർക്ക് മാത്രമാണ് അവസരം. ജൂലായ് പകുതിയോടെയാണ് ഇപ്രാവശ്യത്തെ ഹജ്ജ് കർമം.

കൊവിഡ് വൈറസിന്റെ പലവിധ വകഭേദങ്ങൾ ലോകമെമ്പാടും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങളോട് സഹകരിച്ചാണ് ഹജ്ജ് സംഘാടനം നടത്തുന്നതെന്നും രാജ്യം ഇതുവരെ ആൾക്കൂട്ടത്തെ കൈകാര്യം ചെയ്യുന്നതിന് ലോകത്ത് മികച്ച മാതൃക സൃഷ്ടിച്ചിട്ടുണ്ടെന്നും ഇനിയും അങ്ങനെ തന്നെ തുടരുമെന്നും അധികൃതർ പറഞ്ഞു.