അമൃത്സർ: പഞ്ചാബിൽ പുതിയ രാഷ്ട്രീയ സഖ്യം പ്രഖ്യാപിച്ച് ശിരോമണി അകാലിദളും മായാവതിയുടെ ബി.എസ്.പിയും. 2022ൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.എസ്.പി 20 സീറ്റുകളിൽ മത്സരിക്കാനും ധാരണയായി. ഇന്നലെ രാവിലെ അകാലിദൾ നേതാവ് സുഖ്ബീർ സിംഗ് ബാദലും ബി.എസ്.പി നേതാവായ സതീഷ് ചന്ദ്ര മിശ്രയും കൂടിക്കാഴ്ച നടത്തിയിരുന്നു.
നേരത്തെ ബി.ജെ.പിയുമായുള്ള സഖ്യം ശിരോമണി അകാലിദൾ ഉപേക്ഷിച്ചിരുന്നു.
സംസ്ഥാനത്താകെയുള്ള 117 സീറ്റുകളിൽ 23 സീറ്റുകളിലായിരുന്നു ബി.ജെ.പി മത്സരിച്ചിരുന്നത്. വിവാദ കാർഷിക നിയമം നടപ്പിലാക്കിയതിൽ പ്രതിഷേധിച്ചാണ് കഴിഞ്ഞ വർഷം സെപ്തംബറിൽ അകാലിദൾ എൻ.ഡി.എ വിട്ടത്. പാർട്ടിയുടെ ഹർസിമ്രത് കൗർ ബാദൽ കേന്ദ്ര മന്ത്രിസ്ഥാനവും രാജിവച്ചിരുന്നു. കോൺഗ്രസ്, ബി.ജെ.പി, ആം ആദ്മി പാർട്ടി എന്നിവരൊഴികെയുള്ളവരുമായി അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യമുണ്ടാക്കുമെന്നും ദളിത് വിഭാഗത്തിൽ നിന്നും ഒരാളെ ഉപമുഖ്യമന്ത്രിയാക്കുമെന്നും ശിരോമണി അകാലി ദൾ പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിൽ ദളിത് വോട്ടർമാർ 32 ശതമാനം വരുമെന്നാണ് കണക്കുകൾ. 27 വർഷങ്ങൾക്ക് ശേഷമാണ് ബി.എസ്.പിയും അകാലിദളും സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 1996ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.എസ്.പി- അകാലിദൾ സഖ്യം പഞ്ചാബിലെ 13 ൽ 11 സീറ്റും നേടിയിരുന്നു. മായാവതിയുടെ നേതൃത്വത്തിലുള്ള ബി.എസ്.പി മത്സരിച്ച 3 സീറ്റിലും വിജയിച്ചപ്പോൾ പത്തിൽ എട്ട് സീറ്റിലും അകാലിദളിന് വിജയിക്കാനായി.
പഞ്ചാബിലെ 31 ശതമാനം ദളിത് വോട്ടർമാരിൽ ബി.എസ്.പിക്ക് കാര്യമായ സ്വാധീനമുണ്ടെന്നാണ് റിപ്പോർട്ടുകൾ.