ജയ്‌പുർ: പ്രമുഖ ന്യൂറോളജിസ്റ്റും പദ്മശ്രീ പുരസ്‌കാര ജേതാവുമായ ഡോ. അശോക് പനഗരിയ അന്തരിച്ചു. 71 വയസായിരുന്നു. കൊവിഡാനന്തര പ്രശ്നങ്ങളുണ്ടായിരുന്ന അദ്ദേഹം ദീർഘകാലമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്.
ഏപ്രിൽ അവസാനത്തോടെ കൊവിഡ് ബാധിതനായ അദ്ദേഹത്തിന്റെ ശ്വാസകോശത്തെ രോഗം ഗുരുതരമായി ബാധിച്ചിരുന്നു. തുടർന്ന് വീട്ടിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്. 48ദിവസത്തെ ചികിത്സയ്ക്ക് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു.
കൊവിഡ് വാക്സിൻ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 12-ാമത്തെ ദിവസമാണ് അദ്ദേഹത്തിന് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് തുടങ്ങിയവർ അനുശോചിച്ചു.