bombay-high-court

കൊവിഡ് വാക്സിൻ വീടുകളിലെത്തിച്ച് നൽകുന്നത് അസാധ്യമായ കാര്യമാണെന്ന കേന്ദ്ര സർക്കാർ നിലപാടിനെ വിമർശിച്ച് ബോംബെ ഹൈക്കോടതി. കേരളവും ജമ്മു കാശ്മീരും ഇത് നടപ്പാക്കുമ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ അത് ചെയ്യാൻ എന്ത് തടസമാണുള്ളതെന്നായിരുന്നു കോടതിയുടെ ചോദ്യം. 75 വയസിന് മുകളിലുള്ള മുതിർന്ന പൗരൻമാർക്കും കിടപ്പുരോഗികൾക്കും ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും വാക്‌സിൻ വീട്ടിലെത്തിച്ച് നൽകണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹർജി പരിഗണിക്കവെയാണ് കോടതി കേന്ദ്രത്തെ വിമർശിച്ചത്.

ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ജി എസ് കുൽകർണി എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് കേന്ദ്ര സർക്കാരിനെ ഈ വിഷയത്തിൽ കുറ്റപ്പെടുത്തിയത്. കേരളവും ജമ്മു കശ്മീരും വാക്‌സിൻ വീടുകളിലെത്തിച്ചു നൽകുന്ന പദ്ധതി ആവിഷ്‌കരിക്കുകയും വിജയകരമായി നടപ്പാക്കുകയും ചെയ്യുന്നു. ഈ സംസ്ഥാനങ്ങളുടെ വാക്‌സിനേഷൻ പദ്ധതി സംബന്ധിച്ച് കേന്ദ്ര സർക്കാരിന് എന്താണ് പറയാനുള്ളത്. കേന്ദ്ര സർക്കാരിന്റെ പ്രശ്‌നം എന്താണെന്ന് കോടതിക്ക് മനസിലാകുന്നില്ല.

എന്തുകൊണ്ടാണ് ഇത്തരമൊരു മാതൃക പിന്തുടരാൻ മറ്റു സംസ്ഥാനങ്ങളോട് നിങ്ങൾ ആവശ്യപ്പെടാത്തതെന്താണ്. വിഷയത്തിൽ ഉചിതമായ ഒരു തീരുമാനം കേന്ദ്ര സർക്കാർ കൈക്കൊള്ളണം. കോടതി നിർദേശിച്ചു. മുംബയിലെ ഒരു മുതിർന്ന രാഷ്ട്രീയ നേതാവിന് വീട്ടിലെത്തി വാക്‌സിൻ നൽകിയ സംഭവവും ചൂണ്ടിക്കാട്ടിക്കൊണ്ട് ഇത് എങ്ങനെയാണ് സാധിച്ചതെന്ന് ബൃഹൻ മുംബൈ മുനിസിപ്പൽ കോർപറേഷനോട് കോടതി ആരാഞ്ഞു.

എന്നാൽ തങ്ങളല്ല ഇപ്രകാരം വാക്‌സിൻ നൽകിയതെന്ന് ബിഎംസി കോടതിയിൽ വ്യക്തമാക്കി. തുടർന്ന് കോടതി ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ സർക്കാർ അഭിഭാഷകനോട് ആവശ്യപ്പെട്ടു. വാക്‌സിൻ വീടുകളിൽ എത്തിച്ച് നൽകാൻ തയ്യാറാണെന്നെന്നും ഇക്കാര്യത്തിൽ മാർഗനിർദേശം പുറത്തിറക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണമെന്നും ബിഎംസി കോടതിയെ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അഭിപ്രായം ആരായാൻ അഡീഷണൽ സോളിസിറ്റർ ജനറലിനോട് കോടതി നിർദേശിച്ചിട്ടുണ്ട്. കേസ് ഈ മാസം 14ന് വീണ്ടും പരിഗണിക്കും.

content details: bombay high court questions central governments stand against door to door vaccination.