ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് പ്രതിരോധ സാമഗ്രികളുടെയും മരുന്നുകളുടേയും സേവനത്തിന്റെയും നികുതികളിൽ ഇളവ് വരുത്തി ജി.എസ്.ടി കൗൺസിൽ. കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നികുതിയിളവിന്റെ കാര്യത്തിൽ തീരുമാനമായത്. അതേസമയം, വാക്സിന്റെ ജി.എസ്.ടിയിൽ മാറ്റം വരുത്തിയിട്ടില്ല.
മരുന്ന്, ഓക്‌സിജൻ, ഓക്‌സിജൻ നിർമാണത്തിനുള്ള ഉപകരണം, പരിശോധന കിറ്റും മറ്റുള്ളവയും എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി തിരിച്ചാണ് ഇളവ് നൽകിയിട്ടുള്ളത്. പൾസ് ഓക്സിമീറ്റർ, കൊവിഡ് ചികിത്സയ്ക്കുള്ള മരുന്നുകൾ, ടെസ്റ്റിംഗ് കിറ്റ് തുടങ്ങി എല്ലാ കൊവിഡ് പ്രതിരോധ സാമഗ്രികളുടേയും നികുതി കുറച്ചിട്ടുണ്ട്. ആംബുലൻസ് സേവനത്തിനുളള ജി.എസ്.ടി 28 ശതമാനത്തിൽ നിന്നും 12 ശതമാനമാക്കി കുറച്ചു.
ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള മരുന്നായ ആംഫോടെർസിൻ ബിയെയും കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ടോസിലിസുമാബ്നെയും ജി.എസ്.ടിയിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇലക്ട്രിക് ചൂളയുടെയും താപനില പരിശോധിക്കുന്നതിനുള്ള ഉപകരണങ്ങളുടെയും നിരക്ക് അഞ്ചുശതമാനമാക്കി കുറച്ചു. അതേസമയം പുതുക്കിയ നികുതി സെപ്തംബർ മുപ്പത് വരെ മാത്രമായിരിക്കും ബാധകമെന്ന് ധനമന്ത്രി വ്യക്തമാക്കി.