ലണ്ടൻ : ഇംഗ്ലണ്ടിലെ കോൺവാളിൽ ആരംഭിച്ച ജി7 ഉച്ചകോടിയിൽ മുഖ്യ ചർച്ചാവിഷയമായി കൊവിഡും വാക്സിൻ വിതരണവും. 2022 ഓടെ കൊവിഡെന്ന മഹാമാരിയുടെ ഉന്മൂലനം ലക്ഷ്യമിട്ട് ലോകത്താകമാനം 100 കോടി ഡോസ് കൊവിഡ് വാക്സിൻ നൽകാനുള്ള പദ്ധതിക്ക് ജി7 ന്റെ അംഗീകാരം. ഇതിൽ പകുതിയോളം ഡോസ് വാക്സിനുകൾ യു.എസ് നൽകും.
മഹാമാരിയെ പ്രതിരോധിക്കാൻ മറ്റ് ജി 7 രാജ്യങ്ങളും വാക്സിൻ വിതരണ യജ്ഞത്തിൽ പങ്ക് ചേരണമെന്ന് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ ആഹ്വാനം ചെയ്തു.
വാക്സിൻ വിതരണ ദൗത്യത്തിന്റെ ഭാഗമായി അമേരിക്ക 92 അവികസിത രാജ്യങ്ങൾക്ക് 50 കോടി ഡോസ് ഫൈസർ വാക്സിൻ നൽകുമെന്ന് ബൈഡൻ പ്രഖ്യാപിച്ചു. എട്ടു കോടി വാക്സിൻ ഈ മാസത്തിനകം നല്കുമെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
ദരിദ്രരാജ്യങ്ങൾക്ക് 10 കോടി ഡോസ് ബ്രിട്ടൻ നൽകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസണും പ്രഖ്യാപിച്ചു. അഞ്ചു കോടി ഡോസ് ഏതാനും ആഴ്ചകൾക്കകവും ബാക്കിയുള്ളത് അടുത്ത വർഷത്തോടെ നൽകാനാണ് തീരുമാനമെന്നും ബോറിസ് ജോൺസൺ വ്യക്തമാക്കി. ഏറ്റവും കൂടുതൽ വാക്സിൻ നല്കുന്നത് അമേരിക്കയും ബ്രിട്ടണുമാണ്. വാക്സിൻ ക്ഷാമം മൂലം ദുരിതമനുഭവിക്കുന്ന ദരിദ്ര രാഷ്ട്രങ്ങൾക്ക് വലിയ ആശ്വാസമാകും ഈ തീരുമാനം. ഈ വർഷാവസാനത്തോടെ 30 മില്യൺ കൊവിഡ് വാക്സിനുകൾ സംഭാവന ചെയ്യുമെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പ്രഖ്യാപിച്ചു.
അതേ സമയംവികസ്വര രാജ്യങ്ങളിൽ ചൈന നടപ്പാക്കുന്ന ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവ് പദ്ധതിയെ മറികടക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിച്ച് ജി7 ഉച്ചകോടി. ചൈനയുടെ തന്ത്രങ്ങളെ അതേ നാണയത്തിൽ നേരിടാനും ദരിദ്ര രാഷ്ട്രവികസനത്തിനും വേണ്ടി അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻെറ നേതൃത്വത്തിൽ ജി7 രാജ്യങ്ങൾ പദ്ധതി ആവിഷ്കരിക്കും.
കോവിഡ് മഹാമാരി ആരംഭിച്ചശേഷം ജി 7 നേതാക്കൾ നേരിൽ ഒത്തുചേരുന്നത് ആദ്യമാണ്. കൊവിഡ് മൂലം കഴിഞ്ഞ വർഷം ഉച്ചകോടി നടന്നില്ല.
യുഎസ്, ബ്രിട്ടൺ, ഫ്രാൻസ്, കാനഡ, ജർമനി, ജപ്പാൻ, ഇറ്റലി എന്നീ രാജ്യങ്ങളാണ് ജി 7 അംഗങ്ങൾ.
ആഗോള സമ്പദ്വ്യവസ്ഥയ്ക്കു ഉണർവേകാനുള്ള നടപടികളും കാലാവസ്ഥാ വ്യതിയാനവും ഉച്ചകോടിയിൽ പ്രധാന ചർച്ചാവിഷയമാകും.