മുഹ്സിൻ പരാരി സംവിധാനം ചെയ്യുന്ന പുതിയ മ്യൂസിക് വീഡിയോ 'ഫ്രം എ നേറ്റീവ് ഡോട്ടറു'മായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളെല്ലാം നിർത്തിവച്ച് മുഹ്‌സിൻ പരാരി. മ്യൂസിക് വീഡിയോയുടെ ഭാഗമായ മലയാളി റാപ്പർ വേടനെതിരെ ഉയർന്ന ലൈംഗിക ചൂഷണാരോപണത്തെ തുടർന്നാണ് മ്യൂസിക് വീഡിയോ നിർത്തിവയ്ക്കുന്നതെന്ന് മുഹ്‌സിൻ പരാരി തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ അറിയിച്ചു.
വേടനെതിരെയുള്ള ലൈംഗിക ആരോപണം വളരെ ഗുരുതരമേറിയതാണെന്നും അതിൽ അടിയന്തര ഇടപെടലും പരിഹാരവും വേണ്ടതാണെന്നും പെരാരി അറിയിക്കുന്നു. ഇതിൽ ഉൾപ്പെട്ടിരിക്കുന്ന കക്ഷികൾക്ക് നീതിയുക്തമായ പരിഹാരം ഉണ്ടാകുന്നത് വരെ ഇതുമായി ബന്ധപ്പെട്ട എല്ലാ ജോലികളും നിർത്തിവെക്കുകയാണെന്നും മുഹ്സിൻ വ്യക്തമാക്കുന്നു.
തന്റെ കമ്പനിയായ ദി റൈറ്റിംഗ് കമ്പനിയുടെ ബാനറിലാണ് നേറ്റീവ് ഡോട്ടർ ഒരുക്കുന്നത്. 'വോയിസ് ഓഫ് വോയ്‌സ്‌ലെസ്' എന്ന ഗാനത്തിലൂടെ വൻ ശ്രദ്ധ നേടിയ മലയാളത്തിലെ റാപ്പറാണ് വേടൻ.
വേടന്റേതായി ഏറ്റവും അവസാനം പുറത്തിറങ്ങിയ 'വാ' എന്ന ഗാനവും വൻ ഹിറ്റായി മാറിയിരുന്നു. 'വിമൺ എഗെയിനിസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ്' എന്ന ഫേസ്ബുക്ക് പേജിൽ അടക്കം വേടനെതിരെ നിരവധി സ്ത്രീകൾ ആരോപണവുമായി രംഗത്ത് വന്നിരുന്നു. പലായവസരത്തിലും തങ്ങളോട് അങ്ങേയറ്റം മോശമായാണ് വേടൻ പെരുമാറിയതെന്നാണ് ഇവർ പറയുന്നത്.
content details: muhsin parari stalls his music video due to me too allegation against rapper vedan.