ന്യൂഡൽഹി: കൊവിഡിന് മുമ്പ് തന്നെ രാജ്യത്തെ തൊഴിൽ വളർച്ചാ നിരക്ക് കുറഞ്ഞുവെന്ന് റിപ്പോർട്ട്. റേറ്റിംഗ് ഏജൻസിയായ കെയറാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. സമ്പദ്വ്യവസ്ഥ വളരുന്നതിന് ആനുപാതികമായി തൊഴിലുകൾ വളർന്നിട്ടില്ലെന്നാണ് കെയറിന്റെ വിലയിരുത്തൽ.
2,723 കമ്പനികളിൽ നടത്തിയ പഠനത്തിന് ശേഷമാണ് റേറ്റിംഗ് ഏജൻസി ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിയത്. 2016-17, 2019-20 സാമ്പത്തിക വർഷങ്ങളിൽ 2,723 കമ്പനികളിലേയും തൊഴിൽ വളർച്ചാ നിരക്ക് 2.2 ശതമാനമാണ്. എന്നാൽ, ഇക്കാലയളവിൽ സമ്പദ്വ്യവസ്ഥയിലെ യഥാർഥ ജി.ഡി.പി വളർച്ചാനിരക്ക് 5.8 ശതമാനമാണെന്ന് കെയർ വ്യക്തമാക്കുന്നു. സമ്പദ്വ്യവസ്ഥക്ക് ആനുപാതികമായി തൊഴിൽ വളർച്ച നിരക്ക് ഉണ്ടായിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകൾ.