aisha-sulthana

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് എതിരെ നടത്തിയ പരാമർശത്തിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഐഷ സുല്‍ത്താനയ്ക്ക് പിന്തുണ അറിയിച്ച് സിപിഐ. ആവശ്യമെങ്കില്‍ ഐഷയ്ക്ക് നിയമസഹായം ലഭ്യമാക്കുമെന്നും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു. ഈ രീതിയിൽ കുറ്റം ചുമത്തപ്പെടുന്ന ലക്ഷദ്വീപ് പൗരന്‍മാര്‍ക്ക് സൗജന്യ നിയമസഹായം നല്‍കാനായി 15 അംഗ അഭിഭാഷക പാനലും പാർട്ടി രൂപീകരിച്ചിട്ടുണ്ട്.

ഐഷ സുല്‍ത്താനയെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്നും അവര്‍ തയ്യാറാണെങ്കില്‍ കേസ് ഏറ്റെടുക്കാമെന്നും പി രാജു അറിയിക്കുന്നു. ലക്ഷദ്വീപ് അഡ്മിനിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ ചാനല്‍ ചര്‍ച്ചയ്ക്കിടെ 'ജൈവായുധം' എന്ന് വിശേഷിപ്പിച്ചതിനാണ് സിനിമാ സംവിധായികയായ ഐഷയ്ക്കെതിരെ കേസെടുത്തത്.

ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഹാജി നല്‍കിയ പരാതിയിലാണ് കവരത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതത്. 124 എ ,153 ബി എന്നീ ദേശവിരുദ്ധ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇതിനു പിന്നാലെ, നടപടിയില്‍ പ്രതിഷേധിച്ച് ലക്ഷദ്വീപിലെ ബിജെപി ഘടകത്തിലെ നേതാക്കൾ കൂട്ടമായി പാർട്ടി വിട്ടിരുന്നു. മുതിർന്ന നേതാക്കളടക്കം 12 പേരാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്.