ലക്ഷദ്വീപ് വിട്ട് പോകാൻ സാധിക്കാത്ത തരത്തിൽ തന്നെ 'ലോക്ക്' ചെയ്യുക എന്നതാണ് ബിജെപിയുടെ ഉദ്ദേശമെന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സിനിമാ സംവിധായിക ഐഷ സുൽത്താന. തന്നെ ഒറ്റപ്പെടുത്തുന്നതിനു വേണ്ടിയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്നും ലക്ഷദ്വീപിന്റെ ചുമതലയുള്ള ബിജെപിയുടെ ദേശീയ ഉപാദ്ധ്യക്ഷൻ എ പി അബ്‌ദുള്ളക്കുട്ടിയുടെ ഗൂഢാലോചനയാണ് കാര്യങ്ങൾ ഇവിടെ വരെ കൊണ്ടെത്തിച്ചതെന്നും ഒരു മലയാള വാർത്താ ചാനലിന്റെ ചർച്ചാ പരിപാടിയിൽ അവർ ആരോപിച്ചു.
'ശബ്ദസന്ദേശം എല്ലാവരും കേട്ടതാണല്ലോ. ഐയിഷയെ പേടിപ്പിക്കണം, ഒതുക്കി കളയണം, ദ്വീപീന് പുറത്തേക്ക് വരരുത്. ഒറ്റപ്പെടുത്തണം ഇതൊക്കെയാണ് ഈ കേസിന്റെ അടിസ്ഥാനം. അള്ളാഹു കൊണ്ടുതന്നെ അവസരമെന്ന് ഗൂഢാലോചന സമയത്താണ് അവര്‍ പറഞ്ഞത്. അല്ലെങ്കില്‍ ഇത് ക്ഷമിക്കാന്‍ പറ്റുന്നയൊരു തെറ്റു മാത്രമാണിത്. പറ്റിയ അബദ്ധം എന്താണെന്ന് വളരെ ക്ലിയറായി മനസിലായി. അത് പറയുകയും ചെയ്തു. ഞാന്‍ ഒരിക്കലും രാജ്യത്തിന് എതിരല്ല. ദ്വീപുകാര്‍ക്ക് എന്നെ ഒറ്റാന്‍ ഒരിക്കലും പറ്റില്ല.'- ഐഷ സുൽത്താന പറയുന്നു.
ഈ സാഹചര്യത്തിൽ കേസ് കഴിയാതെ തനിക്ക് കേരളത്തിൽ വരാൻ സാധിക്കില്ലെന്നും ദ്വീപ് വിട്ടുപോകാൻ തനിക്ക് അനുമതിയുണ്ടാകില്ലെന്നും സംവിധായിക ചൂണ്ടിക്കാട്ടുന്നു. താൻ രാജ്യദ്രോഹിയല്ലെന്ന് ദ്വീപുകാർക്ക് അറിയാം. അതുകൊണ്ടാണ് അവർ രാജിക്കത്ത് നൽകിയത്. ഐഷ പറഞ്ഞു. ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഹാജി നല്‍കിയ പരാതിയിലാണ് കവരത്തി പൊലീസ് സംവിധായികക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതത്.
124 എ ,153 ബി എന്നീ ദേശവിരുദ്ധ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ബയോ വെപ്പണ്‍ പരാമര്‍ശത്തിനെതിരെയാണ് കേസ്. ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശങ്ങള്‍ പ്രഫുല്‍ പട്ടേലിനെ മാത്രം ഉദ്ദേശിച്ചാണെന്നും രാജ്യത്തെയോ കേന്ദ്ര സർക്കാരിനെയോ ഉദ്ദേശിച്ചല്ലെന്നും ഐഷ പറഞ്ഞിരുന്നു. ഐഷയ്ക്കതിരെ കേസ് ചാർജ് ചെയ്തതിൽ പ്രതിഷേധിച്ച് ലക്ഷദ്വീപിലെ ബിജെപി ഘടകത്തിലെ നേതാക്കൾ കൂട്ടമായി പാർട്ടി വിട്ടിരുന്നു. മുതിർന്ന നേതാക്കളടക്കം 12 പേരാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്.
content details: aisha sulthana accuses bjp leader ap abdhullakkutty of plotting against her.