കോപ്പന്‍ഹേഗന്‍: യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഫിന്‍ലന്‍ഡിനെതിരായ മത്സരത്തിനിടെ കുഴഞ്ഞുവീണ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്‌സൺ അപകട നില തരണം ചെയ്തു.. ഗ്രൗണ്ടില്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയതിനുശേഷം ആശുപത്രിയിലേക്ക് മാറ്റിയ എറിക്‌സണ് ബോധം തിരിച്ചുകിട്ടി. അതിവേഗത്തില്‍ എറിക്‌സണ് വൈദ്യ സഹായം എത്തിച്ചതുമൂലമാണ് താരത്തിന് ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ സാധിച്ചത് സമയത്ത് വൈദ്യ സഹായം എത്തിക്കാന്‍ മുന്നിട്ടിറങ്ങിയ മാച്ച് റഫറി ആന്റണി ടെയ്‌ലറെയും സഹതാരം സൈമണ്‍ കെയറെയും ഫുട്‌ബോള്‍ ലോകത്തിന്റെ മനം കവർന്നു
.
എറിക്‌സണ്‍ കുഴഞ്ഞുവീഴുന്നതുകണ്ട ഉടന്‍ മത്സരം നിര്‍ത്തിവെച്ച് വേഗത്തില്‍ മെഡിക്കല്‍ സംഘത്തെ ഗ്രൗണ്ടിലേക്ക് ടെയ്‌ലര്‍ വിളിച്ചുവരുത്തി. ടെയ്‌ലറുടെ സമയോചിതമായ ഇടപെടല്‍ മൂലം എറിക്‌സണ് പെട്ടന്ന് തന്നെ വൈദ്യ സഹായം ലഭിച്ചു. അബോധാവസ്ഥയില്‍ നാവ് വിഴുങ്ങിപ്പോകുമായിരുന്ന എറിക്‌സണെ അതിനനുവദിക്കാതെ പിടിച്ചു നിര്‍ത്തി മെഡിക്കല്‍ സംഘത്തിന് വലിയ സഹായമാണ് സൈമണ്‍ ചെയ്തത്.
സൈമണിന്റെയും ടെയ്‌ലറുടെയും സമയോചിതമായ ഇടപെടലുകളില്ലായിരുന്നെങ്കില്‍ എറിക്‌സണ്‍ വലിയ അപകടത്തിലേക്ക് വഴുതി വീണേനേ.
ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്റര്‍ സ്വദേശിയായ ആന്റണി ടെയ്‌ലര്‍ 2013 മുതല്‍ ഫിഫയുടെ അംഗീകാരമുള്ള റഫറിയായി പ്രവര്‍ത്തിച്ചുവരികയാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും സജീവ സാന്നിദ്ധ്യമാണ് ടെയ്‌ലര്‍.
എറിക്‌സണിന്റെ സഹതാരമായ സൈമണ്‍ ഡെന്മാര്‍ക്കിനായി നൂറിലധികം കളിച്ച താരമാണ്. നിലവില്‍ സിരി എയില്‍ എ.സി.മിലാന്റെ സെന്റര്‍ ബാക്കാണ് താരം.
ഡെൻമാർക്കിന്റെ സൂപ്പർതാരമാണ് പത്താംനമ്പർ ജഴ്സിയിൽ ഇറങ്ങഉന്ന എറിക്സൺ, 2010 ലോകകപ്പില്‍ 18ാം വയസിൽ ഡെന്‍മാര്‍ക്കിനായി അരങ്ങേറിയ താരം ആ ലോകകപ്പ് കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു,
ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍ മിലാന്‍ താരമായ എറിക്‌സണ്‍ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ റോളില്‍ മികച്ച ട്രാക്ക് റെക്കോഡുള്ള താരമാണ്. അയാക്‌സിന്റെ സീനിയര്‍ ടീമില്‍ കരിയര്‍ ആരംഭിച്ച എറിക്‌സണ്‍ 2010 മുതല്‍ 2013 വരെ ഡച്ച് ക്ലബ്ബിന്റെ ഭാഗമായിരുന്നു. 2013-ല്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബ് ടോട്ടനമിലേക്ക് മാറിയ എറിക്‌സണ്‍ ആ വര്‍ഷം തന്നെ ക്ലബ്ബിന്റെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. ഏഴു വര്‍ഷം ടോട്ടനം കുപ്പായത്തില്‍ തിളങ്ങിയ എറിക്‌സണ്‍ 2020-ലാണ് ഇന്ററിലേക്ക് മാറുന്നത്. ഇത്തവണ ടീമിനൊപ്പം ഇറ്റാലിയന്‍ കിരീടവുമുയര്‍ത്തി.