ഇസ്ലാമാബാദ്: പാകിസ്ഥാൻ അയച്ച മാങ്ങകൾ നിരസിച്ച് അമേരിക്കയും ചൈനയുമുൾപ്പടെയുള്ള മുപ്പത്തിരണ്ട് രാജ്യങ്ങൾ. നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, പാക് പ്രസിഡന്റ് ഡോ. ആരിഫ് ആൽവിയുടെ സമ്മാനം എന്ന നിലയ്ക്കാണ് മാമ്പഴം മുപ്പത്തിരണ്ട് രാജ്യങ്ങളിലെ ഭരണത്തലവന്മാർക്ക് അയച്ചത്.
കൊവിഡ് മാനദണ്ഡങ്ങൾ ചൂണ്ടിക്കാണിച്ചാണ് രാജ്യങ്ങൾ മാമ്പഴം നിരസിച്ചതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.ചൗൻസാ ഇനത്തിൽപെട്ട മാമ്പഴങ്ങൾ അടങ്ങിയ പെട്ടി കഴിഞ്ഞ ബുധനാഴ്ചയാണ് പാകിസ്ഥാൻ വിദേശകാര്യ ഓഫീസ് വിവിധ രാജ്യങ്ങളിലേക്ക് അയച്ചത്.
അമേരിക്ക, ചൈന, കാനഡ, നേപ്പാൾ, ശ്രീലങ്ക, ഈജിപ്ത് ഉൾപ്പടെയുള്ള രാജ്യങ്ങൾ പാക് പ്രസിഡന്റിന്റെ സമ്മാനം സ്വീകരിക്കാൻ വിമുഖത കാണിച്ചു. ഇതിനുമുമ്പും പാകിസ്ഥാൻ ഇത്തരത്തിൽ മറ്റ് രാജ്യങ്ങളിലേക്ക് സമ്മാനങ്ങൾ അയച്ചിരുന്നു.നേരത്തെ ഇന്ത്യയിലേക്കും പാകിസ്ഥാൻ മാമ്പഴം അയച്ചിരുന്നു.