covid-19

ബീജിംഗ്: കൊവിഡിന്റെ ഉത്ഭവത്തെക്കുറിച്ച് പഠനങ്ങൾ നടന്നുകൊണ്ടിരിക്കെ വവ്വാലുകളിൽ പുതിയ കൊറോണ വൈറസുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയെന്ന അവകാശവാദവുമായി ചൈനീസ് ഗവേഷകർ രംഗത്ത്. കൊവിഡിന് കാരണമാകുന്ന വൈറസിനോട് സാദൃശ്യമുള്ള റിനോളോഫസ് പസിലസ് എന്ന വിഭാഗത്തിൽപ്പെട്ട വൈറസുകളും കണ്ടെത്തിയ കൊറോണ വൈറസിന്റെ കൂട്ടത്തിലുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.

ഇതുവരെ തിരിച്ചറിഞ്ഞതിൽവച്ച് ജനിതക ഘടന പ്രകാരം കൊവിഡ് പരത്തുന്ന വൈറസിനോട് ഏറ്റവും കൂടുതൽ സാമ്യമുള്ള രണ്ടാമത്തെ വൈറസാണ് റിനോളോഫസ് പസിലസ്. ഈ പഠനത്തിന് പിന്നിൽ ചൈനയിലെ ഷാഡോങ് സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥികളാണ്.

2019 മേയ് മുതൽ കഴിഞ്ഞ നവംബർവരെ നടത്തിയ ഗവേഷണ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.ചൈനയിലെ യുന്നാൻ പ്രവിശ്യയിലെ വന മേഖലയിൽ നിന്നുള്ള വവ്വാലുകളിലാണ് പഠനം നടത്തിയത്.ഇപ്പോൾ കണ്ടെത്തിയ കൊറോണ വൈറസ് ബാച്ചിൽ ചിലത് വവ്വാലുകളിൽ വളരെ വ്യാപകമായി പടർന്നേക്കാമെന്നും, മനുഷ്യരിലേക്കും പടരാമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.