muttil-case

തിരുവനന്തപുരം: മുട്ടില്‍ മരംമുറി കേസ് അന്വേഷണത്തിനായി രൂപവത്കരിച്ച ഉന്നതതല അന്വേഷണ സംഘത്തിലേക്കുള്ള ക്രൈംബ്രാഞ്ച് അംഗങ്ങളെ തീരുമാനിച്ചു. ഐ ജി സ്‌പര്‍ജന്‍ കുമാറിനാണ് മേല്‍നോട്ടച്ചുമതല. തൃശൂര്‍, മലപ്പുറം, കോട്ടയം എസ് പിമാര്‍ക്കും ചുമതലയുണ്ട്.

ക്രൈം ബ്രാഞ്ച് സംഘത്തിലെ ഉദ്യോഗസ്ഥരുടെ പട്ടിക ചീഫ് സെക്രട്ടറിക്ക് കൈമാറി. ഉന്നതതല സംഘത്തിലെ വിജിലന്‍സ് സംഘത്തെ സംബന്ധിച്ച് അന്തിമ തീരുമാനം നാളെ ഉണ്ടാകുമെന്നാണ് വിവരം. മുട്ടില്‍ മരംമുറി കേസ് അന്വേഷിക്കാന്‍ പ്രത്യേക ഉന്നതല സംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

മരംമുറി കേസിലെ ഗൂഢാലോചനയാണ് ക്രൈം ബ്രാഞ്ച് സംഘം പ്രധാനമായും പരിശോധിക്കുക. മരം കൊള്ള അന്വേഷിക്കാന്‍ ക്രൈം ബ്രാഞ്ച്, വിജിലന്‍സ്, വനം വകുപ്പ് എന്നീ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് ഉന്നതതല സംഘം രൂപീകരിക്കുന്നത്. ഇതിന്‍റെ തലവനായി ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിനേയും നിശ്ചയിച്ചിരുന്നു.