ee

അയാൾ അസ്‌തമയ സൂര്യന്റെ ഭംഗി ആസ്വദിച്ച് കുളിരുള്ള കടൽക്കാറ്റേറ്റ് ആ കടപ്പുറത്തുകൂടി നടക്കുകയായിരുന്നു. സായാഹ്ന സവാരിക്കിറങ്ങിയ ആ കോടീശ്വരൻ വലിയൊരു ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയായിരുന്നു. വൈകുന്നേരം നടക്കാനിറങ്ങിയത് മനസിന്റെ ഭാരം കുറയ്‌ക്കാനായിരുന്നെങ്കിലും ആ സവാരിക്കിടയിൽ പോലും തന്റെ ബിസിനസിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള ചിന്തകൊണ്ട് അയാൾക്ക് സമാധാനത്തോടെ സൂര്യാസ്തമയത്തിന്റേയും നീലക്കുടിലിന്റെയും വെൺമണൽത്തരികളുടെയും ലാവണ്യം ആസ്വദിക്കാൻ കഴിഞ്ഞിരുന്നില്ല.

ആ ബിസിനസുകാരൻ കടൽത്തിരയിലൂടെ നടന്നുകൊണ്ടിരിക്കെ ഒരു മുക്കുവനെ കാണാനിടയായി.

പോക്കുവെയിൽ ആസ്വദിച്ച് സിഗരറ്റും പുകച്ച് മൂളിപ്പാട്ടും പാടി കടൽത്തീരത്തുള്ള ഒരു മരത്തണലിലിരിക്കുന്ന മുക്കുവനെ കണ്ട് ആ കോടീശ്വരൻ പെട്ടെന്ന് നിന്നു. ജോലിയൊന്നും ചെയ്യാതെ വെറുതേ സിഗരറ്റും പുകച്ച് അലസമായിരിക്കുന്ന ആ മീൻപിടുത്തക്കാരനെ കണ്ട് അയാൾക്ക് അതിശയം തോന്നി.. ഇയാൾ എന്തിനാണ് വെറുതേ ഇങ്ങനെ സമയം കളയുന്നത്? ആ നേരത്ത് വലയിടാൻ പോയാൽ അയാൾക്കിഷ്‌ടംപോലെ മത്സ്യം കിട്ടില്ലേ?

''നിങ്ങൾ ഇവിടെ കുത്തിയിരുന്ന് വെറുതെ സമയം കളയാതെ മീൻ പിടിക്കാൻ പോയിക്കൂടേ?""

''ഞാൻ ആവശ്യത്തിന് മത്സ്യത്തെ ഇന്ന് പിടിച്ചുകഴിഞ്ഞു.""

മുക്കുവൻ പ്രതികരിച്ചു.

''ഓഹോ, ഈ തണൽ മരത്തിന്റെ ചുവട്ടിൽ പുകവലിച്ചുകൊണ്ട് കുത്തിയിരിക്കാതെ കൂടുതൽ മത്സ്യം പിടിച്ചുകൂടേ?""

മുക്കുവന്റെ കണ്ണുകൾ തിളങ്ങി. ചുണ്ടിൽ ഒരു പുഞ്ചിരി വിളങ്ങി. അയാൾ ചോദിച്ചു :

''ഞാൻ കൂടുതൽ മത്സ്യത്തെ പിടിച്ചിട്ട് എന്ത് ചെയ്യാനാ?""

''നിങ്ങൾക്ക് കുറേക്കൂടി പണം കിട്ടും.. കുറെക്കൂടി വലിയ വല വാങ്ങിക്കാം.""

''എന്നിട്ട് ഞാനെന്തു ചെയ്യാൻ?""

''കൂടുതൽ മത്സ്യങ്ങളെകിട്ടുമ്പോൾ അത് വിൽക്കാം. കൂടുതൽ പണം കിട്ടുമ്പോൾ ബോട്ട് വാങ്ങാം.""

''അങ്ങനെ ബോട്ട് വാങ്ങിച്ചാലോ?""

''ആഴക്കടലിൽ പോയി വലിയ മത്സ്യങ്ങളെപിടിക്കാം. അങ്ങനെ വലിയ മീൻ വിറ്റ് വലിയ പണക്കാരനാകാം.""

''അങ്ങനെ പണക്കാരനായാലോ?""

''കൂടുതൽ ബോട്ടുകൾ വാങ്ങി, കൂടുതൽ മീൻ പിടിക്കാനായി കൂടുുതൽ പേരെ ജോലിക്കെടുക്കാം. ഇയാളുടെ കീഴിൽ കൂടുതൽ തൊഴിലാളികൾ ജോലിചെയ്യും. അങ്ങനെ കൂടുതൽ പണം സമ്പാദിക്കാം.""

''അതുകൊണ്ട് ഞാനെന്ത് ചെയ്യാനാണ്?""

ബിസിനസുകാരന് ഈ മറുപടി കേട്ട് കോപം വന്നുതുടങ്ങി.എങ്കിലും അയാൾ സംയമനം പാലിച്ചു.

''എന്നെപ്പോലെ ഒരു വലിയ ബിസിനസുകാരനാകാം.""

''അങ്ങനെ ബിസിനസുകാരനായിട്ട് എന്ത് ചെയ്യാൻ?""

''ഇയാൾ പണക്കാരനായാൽ പിന്നെ കഠിനാദ്ധ്വാനം ചെയ്യേണ്ടിവരില്ല. പിന്നീടുള്ള കാലം വെറുതെ വിശ്രമിക്കാം. അല്ലലും അലട്ടലും ആകുലതകളുമില്ലാതെ ശിഷ്ടജീവിതം ആസ്വദിക്കാം. നിങ്ങൾക്ക് പിന്നീടുള്ള കാലം കടൽക്കരയിൽ വന്ന് കാറ്റുകൊണ്ട് വെറുതെ ഇരിക്കാം.""

അപ്പോൾ ചിരിച്ചുകൊണ്ട് മുക്കുവൻ പറഞ്ഞു.

''ഞാനിപ്പോൾ അതല്ലേ ചെയ്യുന്നത്? സമാധാനത്തോടെ കടൽക്കരയിലെ കാറ്റ് ആസ്വദിച്ച് സന്തോഷത്തോടെ ഇരിക്കുന്നു. നിങ്ങൾക്ക് അങ്ങനെയല്ലേ തോന്നുന്നത്?""

ബിസിനസുകാരൻ നിശബ്‌ദനായി. അയാൾ നിഷ്‌കളങ്കനായി ആ മുക്കുവൻ പറഞ്ഞ കാര്യം വീണ്ടും ആലോചിച്ചു. ശരിയാണല്ലോ, അയാൾ സന്തോഷത്തോടെ സായാഹ്നസൂര്യനെയും കടൽത്തീരത്തെ കാഴ്‌ചകളും മന്ദമാരുതനെയും ആസ്വദിച്ചുകൊണ്ട് സമാധാനത്തോടെ ഇരിക്കുന്നു. സന്തോഷം കിട്ടാനായി വലിയ ബിസിനസ് സാമ്രാജ്യം ഒന്നും ആവശ്യമില്ലെന്ന് അയാൾക്ക് തോന്നി.

വലിയൊരു തത്വമാണ് ഈ ചെറിയ കഥയിലുള്ളത്. സന്തോഷത്തിനായി ഭാവിയിലേക്ക് നോക്കി ഒരുപാട് കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിലും വലുതാണ് ഇന്ന് നമുക്കു ചുറ്റുമുള്ള കാര്യങ്ങൾ ആസ്വദിക്കുന്നത്. സന്തോഷവും സമാധാനവും സംതൃപ്‌തിയും ഒരു ഭാവി വാഗ്ദാനമായി കാണരുത്, ഇന്ന്, ഇപ്പോൾ, ഇവിടെ, ഈ നിമിഷം നമുക്ക് എന്താണുള്ളത് എന്നത് പോസിറ്റീവ് മനോഭാവത്തോടെ കൃതജ്ഞതാഭരിതമായ മനസോടെ ആസ്വദിക്കുക എന്നതാണ് പ്രധാനം.

ജീവിതം സന്തോഷകരമാക്കാൻ അധികാരവും പണവും പദവിയും പ്രശസ്‌തിയുമൊന്നും അത്യന്താപേഷിതമല്ല, മറിച്ച് ഇന്നുളഅള ജീവിതം ഉത്സവമാക്കാനും ആഘോഷഭരിതമാക്കാനുമുള്ള മനസാണ് മനോഭാവമാണ് വേണ്ടത്, സന്തോഷത്തിന് വേണ്ട വിഭവങ്ങൾ വളരെ കുറവാണ്. അതാണ് സത്യം.