ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിൻ വിതരണത്തിന് ഏറ്റവും നൂതനമായ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ. എല്ലാ ഇന്ത്യൻ പൗരന്മാർക്കും വാക്‌സിൻ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രനീക്കം. ഇതിന്‍റെ ഭാഗമായി ഗതാഗത സൗകര്യം കുറഞ്ഞ വിദൂര സ്ഥലങ്ങളില്‍ കൊവിഡ് വാക്‌സിന്‍ വിതരണത്തിനായി ഡ്രോണുകളെ രംഗത്തിറക്കാനാണ് പദ്ധതി.
വിദൂര സ്ഥലങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ച് മരുന്നും വാക്‌സിനും എത്തിക്കുന്നതിനായി ഐ സി എം ആറിന് വേണ്ടി എച്ച് എല്‍ എല്‍ ഇന്‍ഫ്രാ ടെക് സര്‍വീസ് താത്പര്യപത്രം ക്ഷണിച്ചു. ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയുള്ള സ്ഥലങ്ങളില്‍ അവയെ വാക്‌സിന്‍ വിതരണത്തിന് ഉപയോഗിക്കുകയാണ് ലക്ഷ്യം.
തിരഞ്ഞെടുക്കപ്പെടുന്ന സേവനദാതാക്കളെ തുടര്‍ച്ചയായ 90 ദിവസം സേവനത്തിനായി തിരഞ്ഞെടുക്കും. വാക്‌സിന്‍ വിതരണ ആവശ്യവും ഡ്രോണ്‍ ഓപ്പറേറ്റര്‍മാരുടെ പ്രകടനവും നോക്കിയാവും പിന്നീട് സേവനത്തിനായി നിലനിര്‍ത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുക. ഡ്രോണ്‍ ഉപയോഗിച്ച് വാക്‌സിന്‍ വിതരണം നടത്താനുള്ള സാദ്ധ്യത പഠിക്കാന്‍ നേരത്തെ കേന്ദ്രവ്യോമയാന മന്ത്രാലയവും ഡി ജി സി എയും ഐ സി എം ആറിന് അനുമതി നല്‍കിയിരുന്നു. കാണ്‍പുര്‍ ഐ ഐ ടിയുമായി സഹകരിച്ചാണ് ഐ സി എം ആര്‍ പഠനം പൂര്‍ത്തിയാക്കിയത്.
താത്പര്യമുള്ള കമ്പനികള്‍ക്ക് അപേക്ഷിക്കാനുള്ള മാതൃകയും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. സേവനത്തിനായി ഉപയോഗിക്കുന്ന ഡ്രോണുകള്‍ക്ക് ഉണ്ടാവേണ്ട പ്രത്യേകതകളും കമ്പനി വിശദീകരിച്ചിട്ടുണ്ട്. ഇതുപ്രകാരം കുറഞ്ഞത് 100 മീറ്റര്‍ ഉയരത്തില്‍ 35 കിലോമീറ്റർ ആകാശമാര്‍ഗം സഞ്ചരിക്കാൻ ശേഷിയുള്ള ഡ്രോണുകളാണ് തിരഞ്ഞെടുക്കുക. നാല് കിലോഗ്രാം ഭാരം താങ്ങാനുള്ള ശേഷിയുമുണ്ടാവണം. പാരച്യൂട്ട് അടിസ്ഥാനമാക്കിയുള്ള സേവനം തിരഞ്ഞെടുക്കില്ലെന്നും എച്ച് എല്‍ എല്‍ അറിയിച്ചു.