രാവണന്റെ പാഴ്വാക്കുകളും ജല്പനങ്ങളും നീരസത്തോടെയും ദുഃഖത്തോടെയും സീതാദേവി കേട്ടിരുന്നു, അതേസമയം മനസിൽ അശേഷം ഭയം തോന്നിയില്ല. പതറാത്ത സ്വരത്തിൽ തന്റെ ഉള്ളിലുള്ളത് ദേവി വെളിപ്പെടുത്തി. ധർമ്മിഷ്ഠനും സത്യവാനുമാണ് ദശരഥ മഹാരാജാവ്. ധർമ്മത്തിന്റെ ചിറ കെട്ടിയപോലെ അചഞ്ചലനാണ് അദ്ദേഹത്തിന്റെ മൂത്തപുത്രനായ ശ്രീരാമൻ, മൂന്നുലോകത്തും യശസാർന്നവനും നീണ്ടുരുണ്ട ബലിഷ്ഠങ്ങളായ കൈകളോടുകൂടിയവനുമാണ് അദ്ദേഹം, വിശാലവും നീണ്ടതുമാണ് ആ നേത്രങ്ങൾ. സകലലോകനാഥൻ കൂടിയായ ശ്രീരാമനാണ് എന്റെ ജീവനാഥൻ. സഹോദരൻ ലക്ഷ്മണനുമായി വൈകാതെ അദ്ദേഹം ഇവിടെയെത്തി നിന്റെ കഥ കഴിക്കും. അദ്ദേഹത്തിന്റെ കൺമുന്നിലൂടെയാണ് നീ എന്നെ കൊണ്ടുപോന്നിരുന്നതെങ്കിൽ നീ എപ്പോഴേ കാലപുരിയിലെത്തുമായിരുന്നു.
നിന്റെ രാക്ഷസപ്പട കേമമാണെന്ന് നീ കരുതുന്നു, പക്ഷേ ശ്രീരാമന്റെ മുന്നിലെത്തിയാൽ അവ ഗരുഡന്റെ മുന്നിലെത്തിയ സർപ്പങ്ങളുടെ അവസ്ഥയിലാകും. ഗംഗാതീരത്തെ തിരമാലകൾ കാർന്നുതിന്നുന്നപോലെ ശ്രീരാമചാപത്തിൽ നിന്നുതിരുന്ന മൂർച്ചയേറിയ ശരങ്ങൾ നിന്റെ ശരീരത്തെയും മുറിച്ചിടും. ദേവന്മാരും അസുരന്മാരും നിന്റെ മുന്നിൽ തോറ്റ് കുമ്പിടുമായിരിക്കും. അവർക്ക് നിന്നെ വധിക്കുവാനുള്ള ത്രാണിയില്ല. എന്നാൽ ശ്രീരാമൻ അങ്ങനെയല്ല, അദ്ദേഹം ശത്രുവായാൽ നിന്റെ ജീവൻ അവസാനിച്ചുവെന്നുതന്നെ അർത്ഥം. എത്രനീണ്ട ആയുസുണ്ടെങ്കിലും നിന്റെ ശിഷ്ടജീവിതം ഒടുങ്ങും. യാഗക്കുറ്റിയിൽ കെട്ടിയ പശുവിന്റെ എന്നപോലെ നിന്റെ ആയുസും എണ്ണപ്പെട്ടുകഴിഞ്ഞു, തന്റെ തപസിളക്കാൻ വന്ന കാമദേവനെ മൂന്നാംകണ്ണ് തുറന്ന് ശിവൻ ചാമ്പലാക്കിയ അനുഭവം കേട്ടിട്ടില്ലേ? ശ്രീരാമൻ കോപത്തോടെ നോക്കിയാൽ നിന്റെ അവസ്ഥയും അതായിരിക്കും. രാമബാണത്തിന്റെ ശക്തി അപാരമാണ്, ആകാശത്ത് വിളങ്ങുന്ന ചന്ദ്രനെ ഭൂമിയിൽ പതിപ്പിക്കാൻ അതിന് കഴിയും. ഞൊടിയിടയിൽ അത് മഹാസാഗരങ്ങളെ മരുഭൂമിയാക്കും. ശ്രീരാമപത്നിയെ അപഹരിച്ച നിന്റെ കഥ കഴിക്കുവാൻ അദ്ദേഹത്തിന് നിമിഷങ്ങൾ മതി.
അല്ലയോ രാവണ! നിന്റെ ബലവും ആയുസും ഇന്ദ്രിയബലവും ക്ഷയിച്ചുകഴിഞ്ഞു, നിന്റെ പാപകർമ്മത്താൽ ലങ്ക വിധവയായി മാറിയിരിക്കുന്നു. ഭർതൃ സന്നിധിയിൽ നിന്ന് നീ എന്നെ വേർപെടുത്തിയിരിക്കുന്നു. അത് നിനക്ക് വലിയദോഷമുണ്ടാക്കും എല്ലാറ്റിനും ആധാരം കാലമാണ്, കാലം പിഴച്ചാൽ ദുഷ്ക്കാലമായി, ആ സമയം അടുത്താൽ എല്ലാ ജീവികളും നാശ ഗർത്തത്തിലേക്ക് വീണുപോകും. പ്രാണൻ കാലത്തിന്റെ കളിപ്പാട്ടം മാത്രം, മോശകാലമടുത്താൽ ധർമ്മം തെറ്റി നടക്കും. അത് നാശമുണ്ടാക്കും, എന്ന സ്പർശിച്ചതിനാൽ നിനക്കും നിന്റെ വംശത്തിനും അന്തഃപുരത്തിനും നാശം തുടങ്ങിക്കഴിഞ്ഞു.
മന്ത്രോച്ചാരണത്താൽ പവിത്രമായ യജ്ഞവേദിയിൽ ഒരു അധമന് കാലെടുത്ത് വയ്ക്കാൻ പറ്റുമോ? ധർമ്മസ്വരൂപിയാണ് രഘുവരൻ, അദ്ദേഹത്തിന്റെ ധർമ്മപത്നിയെ തൊടാൻപോലും നിനക്ക് കഴിയുമോ? നിർമ്മലമായ സരോവരത്തിൽ രാജഹംസത്തോടൊപ്പം വിഹരിക്കുന്ന അരയന്നപ്പിട പുൽക്കാട്ടിലിരിക്കുന്ന കാക്കയെ നോക്കുമോ? എന്റെ ശരീരം ജഡമാണിപ്പോൾ, അതിനെ എന്തുവേണമെങ്കിലും ചെയ്തുകൊള്ളുക.എന്റെ ശരീരത്തിനും ആത്മാവിനും ഇവിടെ രക്ഷയില്ലെന്നറിയാം. എങ്കിലും ഒരിക്കലും ദുഷ്കീർത്തിക്ക് എന്നെ സ്പർശിക്കാനാവില്ല. സീതാദേവി ഇപ്രകാരം തന്റെ പരുഷവാക്കുകൾ തുടർന്നു.
തന്റെ വീര്യത്തിലും ശൗര്യത്തിലും ബലത്തിലും അമിതമായി അഭിമാനിക്കുന്ന രാവണന്റെ മനസും ചിന്തകളും പിന്നെയും ദുഷ്ടമാർഗത്തിൽ തന്നെയായിരുന്നു. അത്തരം വാക്കുകളാണ് പുറത്തുവന്നത്. അല്ലയോ സീതേ! എന്റെ വാക്കുകൾ ശ്രദ്ധിച്ചുകേൾക്കുക.. ഇന്നുമുതൽ പന്ത്രണ്ട് മാസത്തെ അവധി ഞാൻ തരുന്നു, അതിനുള്ളിൽ എന്റെ അഭീഷ്ടത്തിന് വഴങ്ങാൻ നിന്റെ മനസിനെ പാകപ്പെടുത്തുക. അതിന് തയ്യാറായില്ലെങ്കിൽ നിന്റെ മൃദുലശരീരത്തെ ഞാൻ തുണ്ടം തുണ്ടമാക്കും, അതായിരിക്കും എന്റെ പ്രാതൽ... പരിഹാസച്ചിരിയോടെ ഇപ്രകാരം പറഞ്ഞിട്ട് രാവണൻ ചുറ്റും നിൽക്കുന്ന രാക്ഷസികളോടായി കൽപ്പിച്ചു: കഴിയുവേഗം ഇവളുടെ അഹന്ത നശിപ്പിക്കണം, രക്തമാംസാദികളിൽ തത്പരരായ നിങ്ങൾ ഇഷ്ടംപോലെ പ്രവർത്തിച്ചുകൊള്ളുക.
രാവണവചനങ്ങൾ കേട്ട് രാക്ഷസികൾ രാവണനെ പ്രണമിച്ചു. പിന്നെ സീതയ്ക്ക് ചുറ്റും അണിനിരന്നു. അതുകണ്ട് സന്തുഷ്ടനായ രാവണൻ വീണ്ടും അവരോടായി കല്പിച്ചു. സീതയെ അശോകവനികയിൽ കൊണ്ടുപോവുക, കാവലായി നിങ്ങൾ ചുറ്റുമിരിക്കണം, ഇവളെ കാക്കുക മാത്രമല്ല നല്ല വാക്കുകൾ പറഞ്ഞ് വേണ്ടിവന്നാൽ ഭീഷണിപ്പെടുത്തിയും പാട്ടിലാക്കണം,കാട്ടിലെ പിടിയാനയെ വശത്താക്കുന്നത് അറിയാമല്ലോ.
രാവണകല്പന കേട്ട് രാക്ഷസിമാർ സീതയെ അശോകവനിയിലേക്ക് കൊണ്ടുപോയി. വിവിധതരം പൂക്കളും കായ്കളും പക്ഷികളുടെ കളകൂജനങ്ങളും കൊണ്ട് ശോഭിക്കുന്ന അശോകവനിക, കാഴ്ചയിൽ സുന്ദരമാണെങ്കിലും അവിടെ പെൺപുലികൂട്ടത്തിലകപ്പെട്ട മാൻപേടയുടെ അവസ്ഥയായി സീതയ്ക്ക് തോന്നി, വിരൂപാക്ഷികളും നിശാചരികളുമായ അവരുടെ ഭീഷണികൾ കേട്ട് സീതാദേവിയുടെ സുഖവും സമാധാനവും അകന്നു. ലക്ഷ്മണനൊപ്പം പ്രാണനാഥൻ രക്ഷിക്കാനെത്തുന്ന മുഹൂർത്തത്തിനായി സീത പ്രാർത്ഥനയോടെ കാത്തിരുന്നു.
(ഫോൺ: 9946108220)