ന്യൂഡൽഹി: കൊവിഡിതര ക്ലൈമുകളും വേഗത്തിൽ തീർപ്പാക്കാനൊരുങ്ങി ഇ.പി.എഫ്.ഒ. നേരത്തെ കൊവിഡുമായി ബന്ധപ്പെട്ട് പണം പിൻവലിക്കാനുള്ള പ്രത്യേക അവസരം ഇ.പി.എഫ്.ഒ നൽകിയിരുന്നു. ഈ സംവിധാനത്തിലൂടെ പണം എളുപ്പത്തിൽ പിൻവലിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ, ഇ.പി.എഫ്.ഒയിൽ വരുന്ന എല്ലാതരം അപേക്ഷകളും ഇത്തരത്തിൽ അതിവേഗത്തിൽ തീർപ്പാക്കാനാണ് ഒരുങ്ങുന്നത്.
ഇതിന്റെ ഭാഗമായി ഓട്ടോമാറ്റിക് സെറ്റിൽമെന്റ് എല്ലാതരം ക്ലെയിമുകൾക്കും വ്യാപിപ്പിക്കും. ഇതുപ്രകാരം അപേക്ഷകന്റെ കെ.വൈ.എസി ഇ.പി.എഫ്.ഒ ഡാറ്റാബേസുമായി ഒത്തുനോക്കി ക്ലെയിമുകൾ അതിവേഗത്തിൽ തീർപ്പാക്കും. ഏകദേശം ഒരു മാസം നീണ്ടു നിൽക്കുന്ന പ്രക്രിയ ഈ സംവിധാനം ഉപയോഗിക്കുകയാണെങ്കിൽ മണിക്കൂറുകൾക്കകം തീർക്കാനാകുമെന്നാണ് ഇ.പി.എഫ്.ഒ ഉദ്യോഗസ്ഥർ പറയുന്നത്.
കൊവിഡ് ദുരിതകാലത്ത് പണം പിൻവലിക്കാൻ ഇ.പി.എഫ്.ഒ പ്രത്യേക പദ്ധതി അവതരിപ്പിച്ചിരുന്നു. ഇ.പി.എഫ്.ഒയിലുള്ള ഫണ്ടിന്റെ 75 ശതമാനമോ അല്ലെങ്കിൽ മൂന്ന് മാസത്തെ അടിസ്ഥാന ശമ്പളമോ ഇത്തരത്തിൽ ഉദ്യോഗസ്ഥർക്ക് പിൻവലിക്കാൻ സാധിക്കും. ഒറ്റതവണയായാണ് പണം പിൻവലിക്കാൻ സാധിക്കുക. ഇത് പിന്നീട് തിരിച്ചടക്കേണ്ടതില്ല.