sachin-pilot

ജയ്‌പൂർ: രാജസ്ഥാൻ കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്ങ്ങള്‍ അതിരൂക്ഷമാകുന്നു. എം എല്‍ എമാർ നിരീക്ഷക്കപ്പെടുന്നുണ്ടെന്നും ഫോണ്‍ ചോർത്തുന്നുവെന്നുമാണ് സച്ചിന്‍ പൈലറ്റ് ക്യാമ്പ് ഉയര്‍ത്തുന്ന പുതിയ ആരോപണം. എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് രാജസ്ഥാന്‍ കോണ്‍ഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷിയുടെ പ്രതികരിച്ചത്.

'എന്‍റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടോ ഇല്ലയോ എന്ന് അറിയില്ല. പക്ഷേ ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നതായി ചില എം എല്‍ എമാര്‍ എന്നോട് പറഞ്ഞു. ഇതില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കുണ്ടോയെന്ന് അറിയില്ല. നിയമസഭാംഗങ്ങളെ കുടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് പല ഉദ്യോഗസ്ഥരും അവരോട് പറഞ്ഞു.' സച്ചിൻ പൈലറ്റിന്‍റെ വിശ്വസ്‌തനും എം എൽ എയുമായ വേദ് പ്രകാശ് സോളങ്കി പറഞ്ഞു.

സച്ചിന്‍ പൈലറ്റ് അശോക് ഗെഹ്ലോട്ട് പ്രശ്‌നം ഹൈക്കമാൻഡിനും തലവേദനയാവുകയാണ്. പ്രശ്‌ങ്ങളിൽ ഹൈക്കമാൻഡ് ഇനിയും അനുഭാവപൂർവ്വം ഇടപെടാത്തതിൽ സച്ചിൻ പൈലറ്റിന് കടുത്ത അതൃപ്‌തിയുണ്ട് . ഇന്നും ഡൽഹിയിൽ തുടരുന്ന സച്ചിനെ മയപ്പെടുത്താൻ ഹൈക്കമാൻഡ് പരമാവധി ശ്രമിക്കുന്നതായാണ് വിവരം. പ്രശ്‌ന പരിഹാരത്തിന് മൂന്നംഗസമിതിയെ ദേശീയ നേതൃത്വം നിയോഗിച്ചെങ്കിലും കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല.

അതേസമയം, സച്ചിൻ ക്യാമ്പിന്‍റെ ഫോണ്‍ ചോർത്തല്‍ ആരോപണം ബി ജെ പിയും ഏറ്റെടുത്തു. ഫോണ്‍ ചോർത്തല്‍ ആരോപണം സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നാണ് തെളിയിക്കുന്നതെന്ന് ബി ജെ പി അദ്ധ്യക്ഷന്‍ സതീഷ് പൂനിയ പ്രതികരിച്ചു.