കൊവിഡ് വ്യാപനവും ലോക്ക്ഡൗണും ഒക്കെ കടുത്ത നഷ്ടമാണ് സിനിമ മേഖലയിൽ ഉണ്ടാക്കിയിരിക്കുന്നത്. ഷൂട്ടിംഗ് നിർത്തി വെച്ചതിനെ തുടർന്ന് മിക്ക താരങ്ങളും വീടുകളിൽ തന്നെ ചെലവഴിക്കുകയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന സെലിബ്രിറ്റികളിൽ ഒരാളാണ് താനെന്ന് അവകാശപ്പെട്ടിട്ടുള്ള ബോളിവുഡ് താരമാണ് കങ്കണ റണാവത്ത്. എന്നാൽ ഇപ്പോൾ, ജോലിയില്ല എന്ന കാരണത്താൽ കഴിഞ്ഞ വർഷത്തെ നികുതിയുടെ പകുതി അടയ്ക്കാൻ പോലും തനിക്ക് കഴിഞ്ഞില്ലെന്നു പറയുകയാണ് താരം. അതേസമയം, ബാക്കിയുള്ള നികുതിയ്ക്ക് സർക്കാർ പലിശ ഈടാക്കുന്നതിൽ പ്രശ്‌നമില്ലെന്നും കങ്കണ കൂട്ടിച്ചേർക്കുന്നു.ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് കങ്കണ ഇക്കാര്യം പങ്കുവച്ചത്. 'ഞാൻ ഏറ്റവും ഉയർന്ന നികുതി സ്ലാബിന് കീഴിലാണെന്നതിനാൽ എന്റെ വരുമാനത്തിന്റെ 45 ശതമാനവും നികുതിയായി അടയ്ക്കുന്നു, ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന നടിയാണെങ്കിലും ജോലിയില്ലാത്തതിനാൽ കഴിഞ്ഞ വർഷത്തെ നികുതിയുടെ പകുതിപോലും ഇതുവരെ നൽകാൻ കഴിഞ്ഞിട്ടില്ല, ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ.'കങ്കണയുടെ വാക്കുകൾ.