sanjay-raut

മുംബയ്: മഹാരാഷ്​ട്രയിലെ കഴിഞ്ഞ ഭരണകാലത്ത്​ ബി.ജെ.പി തങ്ങളെ അടിമകളായിട്ടാണ്​ കണ്ട​തെന്നും പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിച്ചെന്നും ശിവസേന നേതാവും എം.പിയുമായ സഞ്​ജയ്​ റൗത്ത്​. മുൻ സർക്കാരിൽ ശിവസേനക്ക്​ ബി.ജെ.പിക്കൊപ്പം തുല്യ അധികാരമുണ്ടായിരുന്നു. എന്നാൽ, അവർ അടിമകളെപ്പോലെയാണ് പെരുമാറിയത്. നമ്മുടെ പിന്തുണ കാരണം ബി.ജെ.പി അധികാരം നേടിയെങ്കിലും, അത്​ ദുരുപയോഗം ചെയ്​ത്​ ശിവസേനയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടന്നു- റൗത്ത്​ പറഞ്ഞു.

മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അദ്ധ്യക്ഷനുമായ ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കഴിഞ്ഞദിവസം ഡൽഹിയിൽ സന്ദർശിച്ചതിനെ പിന്നാലെയാണ് റൗത്തിന്റെ പ്രസ്താനവയെന്നതും ശ്രദ്ധേയമാണ്.

ശിവസേനക്ക്​ മഹാരാഷ്​ട്രയിൽ മുഖ്യമന്ത്രി ഉണ്ടായിരിക്കണമെന്ന് ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. പ്രവർത്തകർക്ക്​ നേരിട്ട്​ ഒന്നും ലഭിച്ചില്ലെങ്കിലും സംസ്ഥാന ഭരണം ഇപ്പോൾ ശിവസേനയുടെ കൈയ്യിലാണെന്ന് അഭിമാനത്തോടെ പറയാൻ കഴിയും. ഈ വികാരത്തോടെയാണ് 2019ൽ മഹാവികാസ് സർക്കാർ രൂപീകരിച്ചത് - റൗത്ത് കൂട്ടിച്ചേർത്തു.