ഇസ്ലാമാബാദ്: നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാർക്ക് പാകിസ്ഥാൻ അയച്ച മാമ്പഴങ്ങൾ നിരസിച്ച് ലോകരാജ്യങ്ങൾ. 32 രാജ്യങ്ങളിലെ ഭരണത്തലവന്മാർക്കാണ് പ്രസിഡന്റ് ഡോ.ആരിഫ് ആൽവിയുടെ സമ്മാനം എന്ന നിലയ്ക്ക് പാക് വിദേശകാര്യ ഓഫീസ് മാമ്പഴപ്പെട്ടികൾ കയറ്റി അയച്ചത്. എന്നാൽ ഇത്തവണ രാജ്യങ്ങളിൽ നിലനിൽക്കുന്ന കൊവിഡ് പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടിയാണ് യു.എസ്, ചൈനയുൾപ്പെടെയുള്ള ലോകരാജ്യങ്ങൾ സമ്മാനം നിരസിച്ചത്. കൂടാതെ കാനഡ, ഈജിപ്റ്റ്,നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളും പാക് പ്രസിഡന്റിന്റെ സമ്മാനം സ്വീകരിക്കുന്നതിൽ വിമുഖത പ്രകടിപ്പിച്ചിട്ടുണ്ട്. ഇറാൻ, ഗൾഫ് രാജ്യങ്ങൾ, ബ്രിട്ടൺ,അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലേക്കും പാകിസ്ഥാൻ മാമ്പഴപ്പെട്ടികൾ അയയ്ക്കുന്നുണ്ട്. എന്നാൽ ഈ രാജ്യങ്ങളൊന്നും സമ്മാനം സ്വീകരിക്കുന്നതിനെ പറ്റി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം. സൗഹൃദം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മുൻപും ഇത്തരത്തിൽ പാകിസ്ഥാൻ മാമ്പഴങ്ങൾ വിവിധ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാർക്ക് അയച്ചിട്ടുണ്ട്. 2015ൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജിക്കും മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് മാമ്പഴം അയച്ചിട്ടുണ്ട്.