കെ പി.സി.സിയുടെ അദ്ധ്യക്ഷനായെത്തിയ കുമ്പക്കുടി സുധാകർജി ഒത്ത തേരാളിയും ഒത്ത പോരാളിയുമാണെന്ന് കോൺഗ്രസുകാർ പറയുന്നു. ആർക്കൊത്ത തേരാളിയും ആർക്കൊത്ത പോരാളിയുമാണ് എന്ന് ചോദിച്ചാൽ അവർ പിണറായി സഖാവിന് നേർക്കാണ് വിരൽ ചൂണ്ടുന്നത്. സഖാവിനാണെങ്കിൽ അത് കേട്ടിട്ട് ചിരിയൊട്ട് അടക്കാനേ പറ്റുന്നില്ല. എന്തുകൊണ്ടാണിങ്ങനെ?
കുമ്പക്കുടി സുധാകർജിയെന്ന പേര് കേൾക്കുമ്പോൾ തന്നെ പിണറായി സഖാവിന്റെ അടിവയറ്റിൽ നിന്നൊരു ചിരി അന്നനാളം വഴി മുകളിലോട്ട് കേറി കണ്ഠനാളത്തിലൂടെ കടന്നുയർന്ന് പുറത്തേക്ക് കുതിക്കാൻ വെമ്പി നിൽക്കുന്നത് പോലെയാണ്. ഇനി സുധാകർജിയിൽ നിന്ന് ചിരിമരുന്ന് വല്ലതും ലഭിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ അതിനൊന്നും ഉത്തരം പിണറായി സഖാവോ സുധാകർജിയോ നൽകുന്നുമില്ല. ആകെയൊരു ആശയക്കുഴപ്പമാണ്. സഖാവിനൊത്ത തേരാളിയാണോ സുധാകർജി എന്ന് കഴിഞ്ഞ ദിവസം സിൻഡിക്കേറ്റുകൾ ചോദിച്ചു. പിണറായി സഖാവ് ചിരിയൊന്നടക്കിവയ്ക്കാൻ പെടാപ്പാട് പെട്ടുകൊണ്ട് ചിലതെല്ലാം മൊഴിഞ്ഞു. അതൊക്കെ കാണാൻ പോകുന്ന പൂരമല്ലേ എന്നാണ് സഖാവ് പറയുന്നത്. സുധാകർജി ഇനി എന്ത് പൂരമാകും കാഴ്ചവയ്ക്കാൻ പോകുന്നത് ! സുധാകർജിയിൽ നിന്ന് എന്ത് പ്രതികരണവും എപ്പോൾ വേണമെങ്കിലും വരാം. സുധാകർജിക്കുണ്ടാകുന്ന രാപ്പനിയൊക്കെ കൃത്യമായി ബോദ്ധ്യമുള്ളയാളാണ് പിണറായി സഖാവ്. അതുകൊണ്ട്, ചില പ്രതികരണങ്ങളൊക്കെ സഖാവിന് ഊഹിച്ചെടുക്കാനായേക്കും. സഖാവിന്റെ അടക്കിപ്പിടിച്ച ചിരിക്ക് പിന്നിലെ ഗുട്ടൻസും അതുതന്നെയായിരിക്കാം.
ബ്രണ്ണൻ കോളേജിൽ പിണറായി സഖാവ് 'ചരിത്ര"ത്തോട് ഏറ്റുമുട്ടിക്കളിക്കുമ്പോൾ തൊട്ടുപിന്നാലെ അതേ 'ചരിത്ര"ത്തോട് ഏറ്റുമുട്ടാൻ തയാറായി മപ്പടിച്ച് നിന്നയാളാണ് സുധാകർജി. സഖാവ് ഏറ്റുമുട്ടലവസാനിപ്പിച്ച് മടങ്ങുന്ന വേളയിലാണ് സുധാകർജി 'ചരിത്ര"ത്തോടുള്ള സമാഗമത്തിനായി ബ്രണ്ണനിലേക്കെത്തുന്നത്. എങ്കിലും സുധാകർജിയും പിണറായിസഖാവും തമ്മിലെ യുദ്ധം അവിടെ കണ്ടവരുണ്ടെന്നാണ് കേൾവി. അതുകൊണ്ട് ആരൊക്കെ, എന്തൊക്കെ പറഞ്ഞാലും പിണറായി സഖാവിന് സുധാകർജിയെയും സുധാകർജിക്ക് പിണറായി സഖാവിനെയും അറിയുന്നത് പോലെ ഏതൊരു സിൻഡിക്കേറ്റിനും അറിയാനിടയില്ല.
അതുകൊണ്ടാണ്, കോൺഗ്രസുകാർ അവരുടെ ഗുണത്തിനായി കൊണ്ടുവരുന്നയാളെപ്പറ്റി താനെന്ത് പറയാനാണെന്ന് ചിരിയടക്കാൻ പാടുപെട്ട് കൊണ്ടുതന്നെ പിണറായി സഖാവ് പറയുന്നത്. സുധാകർജി വരുന്നതോടെ ഇനി കോൺഗ്രസിന് വച്ചടി വച്ചടി കയറ്റമാണെന്നാണ് കേൾക്കുന്നത്. സുധാകർജിയുടെ ശബ്ദവും ശംഖുംമുഖം കടപ്പുറത്തെ സമീപകാലത്തെ തിരമാലയുടെ ശബ്ദവും ഏതാണ്ട് ഒരുപോലെയാണെന്ന് പറയപ്പെടുന്നുണ്ട്. ആ തിരമാലയ്ക്ക് അടുത്തകാലത്തായി രൗദ്രഭാവമായത് കൊണ്ടുതന്നെ കോൺഗ്രസിൽ എന്തും എപ്പോൾ വേണമെങ്കിലും ഇനി സംഭവിക്കാമെന്നതാണ് സ്ഥിതി. കാണാൻ പോകുന്ന പൂരത്തെപ്പറ്റി കണ്ടറിയുന്നതല്ലേ നല്ലത്. അതുകൊണ്ടാണ് ആ പൂരത്തെപ്പറ്റി ഞാനെന്ത് പറയാനാണെന്ന് പിണറായി സഖാവും ചോദിച്ചത്. അത് നമുക്ക് വരും നാളുകളിൽ കണ്ടറിയാനുള്ളതാണ്.
കെ.പി.സി.സിക്ക് ജംബോ കമ്മിറ്റികൾ ഉണ്ടാവില്ലെന്നാണ് സുധാകർജിയുടെ ആദ്യകല്പന. അത് കേട്ടിട്ട് ആദ്യം ചിരി പൊട്ടിയത് പിണറായി സഖാവിനായിരുന്നില്ല, ചോമ്പാൽഗാന്ധി മുല്ലപ്പള്ളിജിക്കും ചെന്നിത്തല രമേശ്ജിക്കും പുതുപ്പള്ളി ഓ.സിക്കുമായിരുന്നു. ചോമ്പാൽഗാന്ധി മുല്ലപ്പള്ളിജി ചിരിച്ചുചിരിച്ചു മറിഞ്ഞെന്നാണ് കേൾവി. അദ്ദേഹം കെ.പി.സി.സി പ്രസിഡന്റായപ്പോൾ നടത്തിയ ആദ്യ കല്പനയും ഏതാണ്ടിത് തന്നെയായിരുന്നതിനാലായിരുന്നു അത്. എല്ലാ ഭാരവാഹികളെയും കൂടി കൂട്ടിപ്പെറുക്കി ഒരു മുപ്പതിലൊതുക്കുമെന്നായിരുന്നു ചോമ്പാൽജിയുടെ പ്രഖ്യാപനം. പക്ഷേ, ആകാശത്തെയും പാതാളത്തിലെയും കാര്യങ്ങൾക്ക് വരെ പരിഹാരം കണ്ടെത്തേണ്ട ചുമതല കെ.പി.സി.സിക്കുള്ളതിനാൽ മുപ്പതിലൊതുങ്ങിയില്ല. മൂവായിരത്തിലേക്കെത്തുന്ന അവസ്ഥയിലായിരുന്നുവെങ്കിലും രമേശ്ജിയുടെയും ഓസിജിയുടെയും സമയോചിത ഇടപെടലുകളാൽ ഒരിരുന്നൂറിലൊതുക്കി. അതുകൊണ്ടാണ് സുധാകർജിയുടെ ആദ്യകല്പന കേട്ടിട്ട് ചോമ്പാൽ ഗാന്ധി മുല്ലപ്പള്ളിജിക്ക് ചിരി പൊട്ടിയത്. പാർട്ടിക്ക് പുറത്ത് പരസ്യവിമർശനം നടത്തുന്നവരെ അപ്പോൾത്തന്നെ ചെവിക്ക് പിടിച്ച് പുറത്താക്കുമെന്നുള്ള സുധാകർജിയുടെ രണ്ടാമത്തെ കല്പന പക്ഷേ അല്പം കടന്നകൈയായിപ്പോയിയെന്ന് പറയാതിരിക്കാൻ വയ്യ. അങ്ങനെയാണെങ്കിൽ പിന്നെ ഈ പാർട്ടിയിലാര് ബാക്കിയുണ്ടാവും. സുധാകർജി പോലുമുണ്ടാവില്ല. കെ.പി.സി.സി പ്രസിഡന്റ് കസേര തന്നെ ഒഴിഞ്ഞുകിടക്കേണ്ടി വരുന്ന അവസ്ഥയൊന്നാലോചിച്ച് നോക്കൂ. അതുകൊണ്ട് രണ്ടാമത്തെ കല്പന, സ്വന്തം അവസ്ഥയെ കരുതിയെങ്കിലും സുധാകർജി ഉപേക്ഷിക്കുമെന്ന് പ്രതീക്ഷിച്ചുകൊള്ളട്ടെ.
കെ.എസ്.യു വിട്ട് സംഘടനാ കോൺഗ്രസിലെത്തി അവിടെ നിന്ന് ജനതയിലെത്തി അതും പിളർന്ന്, ഗോപാലൻജനത വഴി വീണ്ടും കോൺഗ്രസിലെത്തപ്പെട്ട സുധാകർജി ഇംഗ്ലീഷ് അക്ഷരമാല ഇനിഷ്യലാക്കിയിട്ടുള്ള ഒരു മാതിരി കോൺഗ്രസിലെല്ലാം പ്രവർത്തിച്ച് തഴക്കവും പഴക്കവും വന്നാണിപ്പോൾ കെ.പി.സി.സി പ്രസിഡന്റാവാനെത്തിയിരിക്കുന്നത്. അതുകൊണ്ട് ഒരു കാര്യം ഓർമ്മിപ്പിക്കാനാഗ്രഹിക്കുകയാണ്. കാണാൻ പോകുന്ന പൂരമൊക്കെ പിണറായി സഖാവും കണ്ടറിയാനിരിക്കുന്നതേയുള്ളൂ.
കർഷകന്റെ രോദനം കേട്ടാൽ പിണറായി സഖാവ് തൊട്ട് കാനം സഖാവ് വരെയുള്ളവർക്ക് ഉറക്കം വരാത്തത് കൊണ്ട് മാത്രമാണ് ചന്ദനം ഒഴികെയുള്ള മരങ്ങളെല്ലാം വെട്ടിക്കൊള്ളാൻ ഉത്തരവുണ്ടായത്. കണ്ണടച്ച് തുറക്കുമ്പോഴേക്കും കാടെല്ലാം വെളുത്തുവെന്നാണ് കേൾക്കുന്നത്. നിയമസഭയിലിരിക്കവേ, കുഞ്ഞാപ്പസായ്പിന് പോലും പറയേണ്ടിവന്നു വനംകൊള്ളയെപ്പറ്റിയൊക്കെ നിയമസഭയിൽ കേട്ടിട്ട് കുറേക്കാലമായല്ലോ എന്ന്. ഏതായാലും കാട്ടിലെ തടിയും തേവരുടെ ആനയും ഒരുപോലെയായതിനാൽ, ഐകമത്യം മഹാബലം, കാക്ക കുളിച്ചാൽ കൊക്കാകുമോ, ഉപ്പു തിന്നവൻ വെള്ളം കുടിക്കും എന്നിത്യാദി ചൊല്ലുകളുമായി നമുക്ക് മുന്നോട്ട് പോകാം, എന്തേ!
(ഇ-മെയിൽ : dronar.keralakaumudi@gmail.com)