kk

ചെന്നൈ: വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സ്വയംപ്രഖ്യാപിത ആൾദൈവം ഗുരു ശിവ്‌ശങ്കർ ബാബയ്ക്കെതിരെ കേസെടുത്തു. ബാബയുടെ, തമിഴ്നാട്ടിലെ കേളമ്പാക്കത്തെ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥികളെ ലൈം​ഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

സുശീൽ ഹരി ഇന്റർനാഷണൽ റസിഡൻഷ്യൽ സ്കൂളിലെ നിരവധി വിദ്യാർത്ഥികളാണ് ബാബയ്ക്കെതിരെ പരാതി നൽകിയത്. വിദ്യാർത്ഥികൾ തെളിവുകളോടെ സോഷ്യൽ മീഡിയയിലും രംഗത്തെത്തിയിരുന്നു.

ബാബയ്ക്കെതിരെ പരാതി രജിസ്റ്റർ ചെയ്യുകയും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുമ്പിൽ ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നെങ്കിലും ബാബ ഹാജരായിരുന്നില്ല. ബാബയ്ക്ക് നെഞ്ചുവേദനയാണെന്നും ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുമാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയത്.

സംഭവത്തിന്റെ ​ഗൗരവം കണക്കിലെടുത്ത് സ‍ർക്കാർ കേസ് സി.ബി.സി.ഐ.ഡിക്ക് കൈമാറി. രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികൾ അടക്കം 13 പേരുടെ പരാതിയിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.