ലണ്ടൻ:കൊവിഡെന്ന മഹാവിപത്തിനെതിരെ ലോകം ഒന്നിച്ചു പോരാടി ജയിക്കണമെന്ന ആഹ്വാനവുമായി ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിനായി 'ഒരേ ഭൂമി, ഒരേ ആരോഗ്യം' എന്ന നയമാണ് സ്വീകരിക്കെണ്ടതെന്ന്മോദി പ്രസ്താവിച്ചു. ബ്രിട്ടനിൽ നടക്കുന്ന ഉച്ചകോടിയുടെ ഔട്ട്റീച്ച് സെഷനിൽ വീഡിയോ കോൺഫ്രൻസ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട ലോകാരോഗ്യ സംഘടനയുടെ ട്രിപ്പ് കരാറിൽ ഇളവ് നൽകണമന്ന ഇന്ത്യയുടേയും ദക്ഷിണാഫ്രിക്കയുടേയും സംയുക്തനിർദേശത്തെ ജി–7 രാജ്യങ്ങൾ പിന്തുണയ്ക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഇതു കൂടാതെ കൊവിഡിന്റെ രണ്ടാം തരംഗത്തിൽ ലോകരാജ്യങ്ങളിൽ നിന്ന് ലഭിച്ച പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും മോദി പറഞ്ഞു. ഉച്ചകോടിയിൽ പ്രത്യേക ക്ഷണിതാവായ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇന്ന് രണ്ട് സെഷനുകളിൽ കൂടി പ്രധാനമന്ത്രി സംസാരിക്കും.
ജി7 അംഗങ്ങൾക്ക് താക്കീതുമായി ചൈന
ചെറു സംഘങ്ങൾ ലോകത്തെ നിയന്ത്രിക്കുന്ന പഴയകാലമല്ല ഇതെന്നും അതിനി വിലപ്പോവില്ലെന്നും ചൈന. ചൈനയ്‌ക്കെതിരെ ഒറ്റക്കെട്ടായി നില്ക്കണമെന്നും തന്ത്രങ്ങൾമെനയണമെന്നുമുള്ള ജി7 രാജ്യങ്ങളുടെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ചു കൊണ്ടായിരുന്നു ചൈനയുടെ വിമർശനം. പ്രധാനപ്പെട്ട അന്താരാഷ്ട്ര തീരുമാനങ്ങൾ കൈക്കൊള്ളുന്ന കാര്യത്തിൽ സമ്പന്ന രാഷ്ട്രങ്ങളുടെ ചെറുസംഘങ്ങൾക്കുണ്ടായിരുന്ന ആധിപത്യം അവസാനിച്ചിട്ട് കാലമേറെയായെന്ന് ലണ്ടനിലെ ചൈനീസ് എംബസി വക്താവ് പ്രതികരിച്ചു.വലുതോ, ചെറുതോ, സമ്പന്നമോ ദരിദ്രമോ ഏതു തരത്തിലുള്ള രാജ്യങ്ങളായാലും അവർക്ക് ഈ ലോകത്ത് തുല്യസ്ഥാനമാണുള്ളതെന്നാണ് തങ്ങളുടെ വിശ്വാസമെന്നും എല്ലാ രാജ്യങ്ങളുടേയും കൂട്ടായ ഇടപെടലിലൂടെ മാത്രമേ ആഗോള കാര്യങ്ങളിൽ തീരുമാനങ്ങൾ ഉണ്ടാകാവൂ എന്നും ചൈന വ്യക്തമാക്കി.ചൈനയുടെ സാമ്പത്തിക, സൈനിക മുന്നേറ്റത്തിന് തക്കതായ പ്രതിരോധം സൃഷ്ടിക്കേണ്ടതുണ്ടെന്നും അതിന് ആവശ്യമായ തന്ത്രങ്ങൾ ആവിഷ്‌കരിക്കാനും കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ നേതൃത്വത്തിലുള്ള ജി7 രാജ്യങ്ങൾ തീരുമാനിച്ചതാണ് ചൈനീസ് സർക്കാരിനെ ചൊടിപ്പിച്ചത്.